സൗദിയിലേക്ക് വിമാന സർവീസ് ; പ്രവാസികൾക്ക് പ്രതീക്ഷ നൽകിക്കൊണ്ട് ഇന്ത്യൻ എംബസിയുടെ ശ്രമങ്ങൾ പുരോഗമിക്കുന്നു
റിയാദ്: ഇന്ത്യയിൽ നിന്ന് സൗദിയിലേക്ക് വിമാന സർവീസ് പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് റിയാദിലെ ഇന്ത്യൻ എംബസി അധികൃതർ നടത്തുന്ന പരിശ്രമങ്ങൾ പുരോഗമിക്കുന്നു.
ഇത് സംബന്ധിച്ച് സൗദി സിവിൽ ഏവിയേഷൻ അതോറിറ്റിയുമായി ചർച്ചകൾ എംബസി അധികൃതർ നടത്തുന്നുണ്ടെന്ന അംബാസഡറുടെ അറിയിപ്പ് ശരി വെക്കുന്നതാണു പുതിയ നീക്കങ്ങൾ.
ഇന്ത്യയിൽ നിന്ന് സൗദിയിലേക്ക് നേരിട്ടുള്ള യാത്രാ വിലക്ക് നീക്കുന്നതിനും എയർ ബബ്ള് സർവീസ് ആരംഭിക്കുന്നതിനും റിയാദ് ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ മിസ്റ്റർ റാം പ്രസാദ് സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി അസിസ്റ്റൻ്റ് പ്രസിഡൻ്റുമായി ചർച്ചകൾ നടത്തിയ വിവരം ഇന്ന് എംബസി ഔദ്യോഗികമായി പ്രസിദ്ധപ്പെടുത്തിയത് പ്രവാസികൾക്ക് പുതിയ പ്രതീക്ഷ നൽകുന്നുണ്ട്.
നിരവധി പ്രവാസികളാണു സൗദിയിലേക്കുള്ള വിമാന സർവീസ് പുനരാരംഭിക്കുന്നത് പ്രതീക്ഷിച്ച് നാട്ടിൽ കഴിയുന്നത്. ദുബൈ വഴിയും മറ്റും മടങ്ങാൻ സാധിക്കുമെങ്കിലും 70,000 രൂപയോളം മുടക്കണമെന്നത് പലരെയും അത്തരം മാർഗങ്ങൾ സ്വീകരിക്കുന്നതിൽ നിന്ന് പിന്നോക്കം വലിക്കുന്നുണ്ട്.
അതേ സമയം ഇഖാമയും റി എൻട്രിയും അവസാനിക്കാറായ പലരും ദുബൈ വഴിയും മറ്റും മടങ്ങുന്നത് ഒരു ഭാഗത്ത് തുടരുന്നുമുണ്ട്.
കൂലിക്കഫീലുമാർക്ക് കീഴിലും മറ്റും ജോലി ചെയ്യുന്നവരാണു പ്രധാനമായും പ്രയാസം നേരിടുന്നത്. ഇഖാമ , റി എൻട്രി കാലാവധികൾ അവസാനിച്ചാൽ നാട്ടിൽ നിന്ന് കൊണ്ട് തന്നെ പിന്നീട് പുതുക്കണമെങ്കിൽ വൻ തുക ലെവി നൽകേണ്ടി വരുന്നതും ലെവി തുക നാട്ടിൽ നിന്ന് സംഘടിപ്പിച്ച് നൽകാൻ പ്രയാസപ്പെടുന്നതുമെല്ലാം ഇത്തരക്കാരെ പ്രയാസത്തിലാക്കുന്നുണ്ട്.
ഭൂരിപക്ഷം കമ്പനികളും ഇതിനകം തൊഴിലാളികളുടെ ഇഖാമയും റി എൻട്രിയുമെല്ലാം പുതുക്കി നൽകിയിട്ടുമുണ്ട്.
ഏതായാലും എംബസി അധികൃതരുടെ ഇടപെടൽ വൈക്കാതെ തന്നെ വിമാന സർവീസ് പുനരാരംഭിക്കുന്നതിനു സഹായകരമാകട്ടെ എന്ന പ്രാർത്ഥനയിലാണു പ്രവാസ ലോകം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa