Sunday, September 22, 2024
QatarSaudi ArabiaTop Stories

സൗദിയിലേക്ക് പുറപ്പെട്ട 17 മലയാളികളെ ഖത്തറിൽ നിന്ന് തിരിച്ചയച്ചു; ഖത്തർ വഴി പോകുന്ന പ്രവാസികൾ ശ്രദ്ധിക്കുക

ദോഹ: സൗദിയിലേക്കുള്ള യാത്രക്കിടെ 14 ദിവസം താമസിക്കുന്നതിനായി ഖത്തറിൽ ഓൺ അറൈവൽ വിസയിലെത്തിയ 17 മലയാളികളെ ദോഹ എയർപോർട്ടിൽ നിന്ന് തിരിച്ചയച്ചു.

ഓൺ അറൈവൽ വിസയിൽ എത്തുന്നവർ 5000 റിയാൽ ക്യാഷ് കയ്യിൽ സൂക്ഷിക്കുകയോ 5000 റിയാൽ ഉള്ള ക്രെഡിറ്റ് കാർഡോ ഡെബിറ്റ് കാർഡോ കരുതുകയോ ചെയ്യണം എന്ന നിബന്ധന പാലിക്കാതിരുന്നതിനാലാണു ഇവരെ തിരിച്ചയച്ചത്.

വ്യാഴാഴ്ച ഉച്ചക്ക് കോഴിക്കോട് നിന്നുള്ള ഏയർ ഇന്ത്യ എക്സ്പ്രസ് വഴി ദോഹയിലെത്തിയ ഇവരെ എയർപോർട്ടിൽ നിന്ന് പുറത്തിറങ്ങാൻ അനുവദിച്ചിരുന്നില്ല.

വിമാനത്താവള അധികൃതർ യാതൊരു വിട്ടു വീഴ്ചക്കും തയ്യാറാകാത്തതിനെത്തുടർന്ന് ഇവർ വന്ന വിമാനത്തിൽ തന്നെ നാട്ടിലേക്ക് മടങ്ങുകയായിരുന്നു.

തിരിച്ച് കൊണ്ട് വരാൻ എയർ ഇന്ത്യ എക്സ്പ്രസ് 2000 റിയാലായിരുന്നു ഇവരിൽ നിന്നും ടിക്കറ്റ് ചാർജ്ജായി ആവശ്യപ്പെട്ടത്. എന്നാൽ അത് അംഗീകരിക്കാൻ കൂട്ടാക്കാത്തതിനെത്തുടർന്ന് 650 റിയാലിനു തിരികെ കൊണ്ട് വരാൻ എയർ ഇന്ത്യ സമ്മതിച്ചു.

ഓൺ അറൈവൽ യാത്രക്കാരുടെ കൈവശമോ അക്കൗണ്ടിലോ നിശ്ചിത തുക ഉണ്ടായിരിക്കണമെന്നാണു നിബന്ധന. പരിശോധന കർശനമല്ലാത്തതിനാലാണു ഭൂരിഭാഗം ആളുകളൂം ഇതൊന്നും ഇല്ലാതെ പുറത്ത് കടക്കാറുള്ളത് എന്നാണു നിഗമനം.

ഇങ്ങനെ വ്യാഴാഴ്ച കുടുങ്ങിയവരിൽ ചിലരെ എയർപോർട്ടിനുള്ളിലെ സ്റ്റാഫിൻ്റെ ഡെബിറ്റ് കാർഡ് കാണിച്ചതിനെത്തുടർന്ന് പുറത്തിറക്കാൻ സാധിച്ചതായി ഒരു ട്രാവൽ ഏജൻ്റ് അറേബ്യൻ മലയാളിയെ അറിയിച്ചു.

അതേ സമയം വ്യാഴാഴ്ച ഉച്ചക്ക് തന്നെ 5000 റിയാലോ കാർഡോ ഒന്നും ഇല്ലാതെത്തന്നെ മലയാളികൾ യാതൊരു പ്രയാസവും ഇല്ലാതെ ദോഹ എയർപോർട്ടിൽ നിന്ന് പുറത്തിറങ്ങിയിട്ടുണ്ട് എന്നതും ചേർത്ത് വായിക്കേണ്ടതുണ്ട്.

ഏതായാലും ഖത്തർ വഴി പോകുന്നതിനു 5000 റിയാൽ ഷോ മണി ആവശ്യമുണ്ടോ എന്ന കാര്യം ട്രാവൽ ഏജൻസിയുമായി സംസാരിച്ച് വ്യക്തത വരുത്തിയതിനു ശേഷം മാത്രം ഇനി പ്രവാസികൾ ഖത്തറിലേക്ക് വിമാനം കയറുകയായിരിക്കും ബുദ്ധി.

അടുത്ത ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഇക്കാര്യത്തിൽ വ്യക്തത വരുമെന്നാണു പ്രതീക്ഷ. അതേ സമയം ഖത്തർ എയർവേസിൻ്റെയോ ഇൻഡിഗോയുടെയോ സർക്കുലറിലൊന്നും ഈ 5000 റിയാലിൻ്റെ കാര്യം സൂചിപ്പിച്ചിരുന്നില്ല എന്നതും ശ്രദ്ധേയമാണ്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്