സൗദിയിലേക്കുള്ള പ്രവേശനത്തിന് പുതിയ മാർഗ നിർദ്ദേശങ്ങളുമായി സിവിൽ ഏവിയേഷൻ; ക്വാറൻ്റീൻ ദിനങ്ങൾ കുറച്ചു: മറ്റു നിബന്ധനകൾ അറിയാം
ജിദ്ദ: സൗദിയിലേക്ക് പ്രവേശിക്കുന്ന ഇഖാമയുള്ളവർക്കും സന്ദർശകർക്കും പുതിയ മാർഗ നിർദ്ദേശങ്ങളുമായി സൗദി സിവിൽ ഏവിയേഷൻ. സെപ്തംബർ 23 ന് ഉച്ചക്ക് 12 മണി മുതലായിരിക്കും അപ്‌ഡേറ്റ് ചെയ്ത നിബന്ധനകൾ ബാധകമാകുക.
പ്രധാനപ്പെട്ട അപ്ഡേഷൻ വാക്സിനെടുക്കാതെയോ സൗദി അംഗീകൃത വാക്സിനെടുക്കാതെയോ വരുന്നവർക്കുള്ള സൗദിയിലെ നിർബന്ധിത ക്വാറൻ്റീൻ 7 ദിവസത്തിൽ നിന്ന് 5 ദിവസമായി ചുരുക്കി എന്നുള്ളതാണ്. മറ്റുള്ള നിബന്ധനകൾ താഴെ വിവരിക്കുന്നു.
വാക്സിനെടുക്കാതെയും സൗദി അംഗീകരിച്ച വാക്സിൻ ഒരു ഡോസ് മാത്രമെടുത്തും സൗദിയിലേക്ക് പ്രവേശിക്കുന്നവർ സൗദിയിലേക്ക് പുറപ്പെടും മുംബ് 72 മണിക്കൂറിനുള്ളിലായി എടുത്ത പിസിആർ ടെസ്റ്റ് റിസൽറ്റ് കയ്യിൽ കരുതണം.
ഇവർ സൗദിയിലെത്തി 24 മണിക്കൂറിനകം കൊറോണ ടെസ്റ്റിനു വിധേയരാകണം. തുടർന്ന് ക്വാറൻ്റീൻ അവസാനിക്കുന്ന അഞ്ചാമത്തെ ദിവസവും കൊറോണ ടെസ്റ്റിനു വിധേയരാകണം. റിസൽറ്റ് നെഗറ്റീവ് ആയാൽ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻ്റീൻ അവസാനിക്കും.
സൗദി അറേബ്യയും ലോകാരോഗ്യ സംഘടനയും അംഗീകരിക്കാത്ത വാക്സിനെടുത്തവർക്കും ലോകാരോഗ്യ സംഘടന അംഗീകരിക്കുകയും എന്നാൽ സൗദി അറേബ്യ അംഗീകരിക്കാതിരിക്കുകയും ചെയ്ത വാക്സിനെടുത്തവർക്കും മുകളിലെ നിബന്ധന ബാധകമാകും.
വാക്സിനെടുത്ത് ഇമ്യൂൺ ആയവരുടെ കൂടെയുള്ള ആശ്രിതർക്ക് സൗദിയിൽ പ്രവേശിക്കുന്നതിനുള്ള നിബന്ധനകളും സിവിൽ ഏവിയേഷൻ വിശദീകരിച്ചു.
ഇമ്യൂൺ ആയ രക്ഷിതാക്കൾക്കൊപ്പമുള്ള വാക്സിനെടുക്കാത്ത ആശ്രിതർക്ക് 18 വയസ്സ് പൂർത്തിയായിട്ടില്ലെങ്കിൽ സൗദിയിലെത്തിയ ശേഷം 5 ദിവസത്തെ ഹോം ക്വാറൻ്റീൻ ബാധകമാകും. ഇവർക്ക് ഹോട്ടൽ ക്വാറൻ്റീൻ ആവശ്യമില്ല. അതേ സമയം അഞ്ചാമത്തെ ദിവസം 18 വയസ്സ് പൂർത്തിയാകുകയോ 18 വയസ്സ് കവിയുകയോ ചെയ്യുന്നവർ കൊറോണ ടെസ്റ്റിനു വിധേയരാകുകയും സൗദി ആരോഗ്യ മന്ത്രാലയം നിർദ്ദേശിക്കുന്ന കാര്യങ്ങൾ പാലിക്കുകയും ചെയ്യണം.
ഇമ്യൂൺ ആയ രക്ഷിതാക്കൾക്കൊപ്പം വാക്സിനെടുക്കാതെ വരുന്ന 18 വയസ്സ് പൂർത്തിയായ ആശ്രിത്രർക്ക് നിർബന്ധിത ഹോട്ടൽ ക്വാറൻ്റീൻ ബാധകമാകും.
വാക്സിനെടുക്കാതെ വരുന്നവർ സൗദിയിലെ നിർബന്ധിത ക്വാറൻ്റീൻ കഴിഞ്ഞതിനു ശേഷം സൗദിയിൽ നിന്ന് വാക്സിനുകൾ സ്വീകരിക്കണം. ലോകാരോഗ്യ സംഘടന അംഗീകരിക്കുകയും എന്നാൽ സൗദി അംഗീകരിക്കാത്തതുമായ സിനോഫാം, സിനോവാക് തുടങ്ങിയ വാക്സിനുകൾ സ്വീകരിച്ച് സൗദിയിലെത്തിയവർ സൗദിയിലെ ഏതെങ്കിലും അംഗീകൃത വാക്സിൻ ഒരു ഡോസ് കൂടി സീകരിക്കണം.
സൗദിയിൽ പ്രവേശിക്കുന്നതിൻ്റെ മുംബ് മുഖീം രെജിസ്റ്റ്രേഷൻ പൂർത്തിയാക്കണം. സൗദിയിലെത്തി പരിശോധനയിൽ പോസിറ്റീവ് ആയവർക്ക് നിർദ്ദേശിക്കപ്പെടുന്ന ഐസൊലേഷൻ പ്രക്രിയകൾക്ക് വിധേയരാകേണ്ടി വരും. രോഗ മുക്തി നേടിയെന്നത് ഹോട്ടൽ ക്വാറൻ്റീൻ ഒഴിവാകുന്നതിനുള്ള കാരണമായി പരിഗണിക്കില്ല.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa