Tuesday, November 26, 2024
Saudi ArabiaTop Stories

നാട്ടിൽ നിന്ന് രണ്ട് ഡോസ് വാക്സിനെടുത്തവർക്ക് സെപ്തംബർ 23 മുതൽ സൗദിയിലേക്ക് നേരിട്ട് പറക്കാനാകുമെന്ന പ്രതീക്ഷയിൽ നിരവധി പ്രവാസികൾ ; നിലവിൽ ദുബൈ വഴി പോകുന്നതാണോ ഉചിതം അതോ കാത്തിരിക്കണോ ?

വിദേശ രാജ്യങ്ങളിൽ നിന്ന് രണ്ട് ഡോസ് വാക്സിനെടുത്തവർക്ക് സൗദിയിലേക്ക് ഉടൻ തന്നെ നേരിട്ട് പോകാൻ സാധിക്കുമോ, നിലവിലെ ദുബൈ വഴി പോകുന്നതാണോ ഉചിതം അതോ നേരിട്ട് സർവീസ് തുടങ്ങുന്നത് വരെ കാത്തിരിക്കണോ എന്ന് തുടങ്ങി നിരവധി സംശയങ്ങൾ നിരവധി പ്രവാസി സുഹൃത്തുക്കൾ അറേബ്യൻ മലയാളിയോട് ദിവസവും ചോദിക്കുന്നുണ്ട്.

സൗദിയിലെ കൊറോണ കേസുകൾ കുത്തനെ കുറഞ്ഞതും സൗദിയിലുള്ളവരുടെ കാലാവധി കഴിഞ്ഞ വിസിറ്റ് വിസകൾ പുതുക്കുന്നത് രണ്ടാഴ്ചത്തേക്ക് മാത്രമായി പരിമിതപ്പെടുത്തിയതും വാക്സിനെടുക്കാാതെ വരുന്നവർക്ക് സെപ്തംബർ 23 മുതൽ പുതിയ നടപടിക്രമങ്ങൾ ബാധകമാക്കിയതും സെപ്തംബർ 23 ദേശീയ ദിനമാണെന്നതിനാൽ ഒരു ദേശീയ ദിന ആനുകൂല്യം ഉണ്ടായേക്കുമെന്ന പ്രതീക്ഷയുമെല്ലാമാണു പ്രവാസികൾ സംശയങ്ങൾ ഉയർത്താൻ കാരണം.

ഈ അനുകൂല ഘടകങ്ങൾ കാരണം യു എ ഇ വഴി പോകാനായി നിരവധി പേർ ശ്രമിക്കുന്നതിനിടയിലും സൗദിയിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുമെന്ന പ്രതീക്ഷയിൽ നിലവിൽ യാത്ര മാറ്റി വെച്ച പല പ്രവാസികളും ഉണ്ട്.

ഈ സാഹചര്യത്തിൽ യാത്ര അല്പം വൈകിപ്പിക്കുന്നത് കൊണ്ട് പ്രശ്നമില്ലാത്തവർക്ക് സെപ്തംബർ 23 വരെ കാത്തിരിക്കുന്നത് കൊണ്ട് പ്രയാസം ഉണ്ടാകില്ല എന്നാണ് ട്രാവൽ മേഖലയിലുള്ളവർ പലരും അഭിപ്രായപ്പെടുന്നത്.

കാരണം ഇഖാമയും റി എൻട്രിയും നവംബർ 30 വരെ നീട്ടുമെന്ന് സൗദി ഭരണകൂടം പ്രഖ്യാപിച്ചിട്ടുള്ളത് കൊണ്ട് തന്നെ അഥവാ സെപ്തംബർ 23 നു അനുകൂലമായ പ്രഖ്യാപനം ഉണ്ടായില്ലെങ്കിൽ പോലും അടുത്ത മാസങ്ങളിൽ മറ്റു രാജ്യങ്ങളിലൂടെ സൗദിയിലേക്ക് പറക്കാൻ സാധിക്കും.

അതേ സമയം യാത്ര മാറ്റി വെക്കാൻ ഉദ്ദേശിക്കുന്നവർ ഒക്ടോബർ ആദ്യം മുതൽ ദുബായ് എക്സ്പോ ആരംഭിക്കുന്നുണ്ടെന്നതും ടിക്കറ്റ് നിരക്കും താമസച്ചെലവും കൂടാൻ സാധ്യതയുണ്ടെന്നതും ഓർക്കേണ്ടതുണ്ട് എന്നും ട്രാവൽ മേഖലയിലുള്ളവർ ഉണർത്തുന്നുണ്ട്. സൗദി ഡയറക്ട് സർവീസ് തുടങ്ങിയില്ലെങ്കിൽ ഒക്ടോബർ മുതൽ ദുബൈ വഴിയും യാത്രാ ചെലവ് കൂടുമെന്ന് അർത്ഥം.

എന്നാൽ യാത്ര വൈകുന്നത് കൊണ്ട് പ്രയാസങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളവരും ഏതെങ്കിലും സാഹചര്യത്തിൽ അടുത്ത സൗജന്യ പുതുക്കലിൽ ഉൾപ്പെട്ടില്ലെങ്കിൽ കഫീൽ അബ്ഷിർ വഴി പണം നൽകി പുതുക്കി നൽകാത്ത സ്ഥിതിയുള്ളവർക്കും ഒരു പരീക്ഷണത്തിനു മുതിരാതെ യു എ ഇ വഴി സൗദിയിലേക്ക് പോകുന്നതായിരിക്കും നല്ലത്.

യു എ ഇ വഴി പോകുന്നവർക്ക് താങ്ങാനാവുന്ന പല പാക്കേജുകളും പല ഏജൻസികളും കൊടുക്കുന്നുണ്ട്. അഥവാ യു എ ഇ താമസത്തിനിടെ സൗദിയിലേക്ക് നേരിട്ട് ഇന്ത്യയിൽ നിന്ന് സർവീസ് ഓപണായാൽ ഉപയോഗപ്പെടുത്താത്ത ബാക്കിയുള്ള താമസ ദിനങ്ങളുടെ പണം റീഫണ്ട് ചെയ്ത് സൗദിയിലേക്ക് യു എ ഇയിൽ നിന്ന് നേരിട്ട് പോകുന്നതിനുള്ള സൗകര്യങ്ങൾ നൽകുന്ന പാക്കേജുകൾ ആരായുന്നതും നല്ലതാണ്. ബസ് മാർഗം യു എ ഇ സൗദി യാത്ര തരപ്പെട്ടാൽ ചെലവ് വീണ്ടും കുറയും.

ഓരോ വ്യക്തികളുടെയും സാഹചര്യങ്ങളും സാംബത്തിക സ്ഥിതിയും വ്യത്യസ്തമാണെന്നതിനാൽ മറ്റുള്ളവരുടെ തീരുമാനങ്ങൾ അനുകരിക്കാതെ സ്വന്തം അവസ്ഥക്കനുസരിച്ച് ഓരോരുത്തരും തീരുമാനമെടുക്കുകയാണ് ഈ സാഹചര്യത്തിൽ ചെയ്യേണ്ടത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്