Wednesday, November 27, 2024
Dammam

കലിക്കറ്റ് എയര്‍പ്പോര്‍ട്ട് യൂസേഴ്‌സ് ഫോറം, എം കെ രാഘവന്‍ എം.പി രക്ഷാധികാരിയാകും

ദമാം: കോഴിക്കോട് വിമാനത്താവളത്തെ ആശ്രയിക്കുന്ന യാത്രക്കാരുടെ കൂട്ടായ്മായ ദമാം കലിക്കറ്റ് എയര്‍പ്പോര്‍ട്ട് യൂസേഴ്‌സ് ഫോറത്തിന്റെ രക്ഷാധികാരിയായി കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലം അംഗം എം.കെ രാഘവനെ തെരഞ്ഞെടുത്തു. കഴിഞ്ഞ ദിവസം എം.കെ രാഘവന്റെ സാന്നിധ്യത്തില്‍ സംഘടിപ്പിച്ച പ്രവർത്തകരുടെ സംഗമത്തിലാണ് തീരുമാനം.

വിമാനത്താവള വികാസത്തിനും സംരക്ഷണത്തിനും വേണ്ടി നിലകൊള്ളുന്ന എം കെ രാഘവന്‍ എം.പി രക്ഷാധികാരിയായത് പ്രവർത്തനങ്ങൾക്ക് കരുത്ത് പകരുമെന്ന് ഭാരവാഹികൾ പറഞ്ഞു. കണ്ണൂര്‍ എയര്‍പ്പോര്‍ട്ടിന് നല്‍കിയ നികുതിയിളവ് കോഴിക്കോട് എയര്‍പ്പോര്‍ട്ടിനും അനുവദിക്കണമെന്നും അതിനായി മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിട്ടൂണ്ടെന്നും എം.കെ. രാഘവന്‍ അറിയിച്ചു. അതുപോലെ വിമാന നിരക്ക് ഏകീകരണത്തിനും അധിക ചൂഷണം തടയുന്നതിനുമായി ഒരു റഗുലേറ്ററി അതോറിറ്റി ഉണ്ടാക്കാന്‍ ആവശ്യപ്പെടുമെന്നും അദ്ദേഹം അറിയിച്ചു. വിമാനത്താവളത്തിന് ആവശ്യമായ ഭൂമി വിട്ട് നൽകേണ്ടി വരും, അതല്ലെങ്കിൽ ഭാവിയിൽ വിമാനത്താവളം തന്നെ നഷ്ടപ്പെട്ട് പോവുന്ന അവസ്ഥ സംജാതമാകുമെന്ന് എം.കെ. രാഘവന്‍ സൂചിപ്പിച്ചു. വിമാനത്താവളത്തിന്റെ വികസനത്തിന് നൂറോളം ഏക്കർ ഭൂമി സ്ഥലവാസികളിൽ നിന്നും ലഭിക്കുവാനുള്ള പദ്ധതികൾ ആവിശ്ക്കരിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുസേഴ്‌സ് ഫോറം ജനറല്‍ കണ്‍വീനര്‍ ടി പി എം ഫസലിന്റെ അധ്യക്ഷതയില്‍ സംഘടിപ്പിച്ച സംഗമം കോഴിക്കോട് വിമാനത്താവളത്തിനെരെയുള്ള എല്ലാ അവഗണനക്കെതിരേയും ശക്തിയുക്തം എതിര്‍ക്കാനും പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനും തീരുമാനിച്ചു. ആലികുട്ടി ഒളവട്ടൂര്‍ പ്രവര്‍ത്തന പരിപാടികള്‍ വിശദീകരിച്ചു. കക്ഷി രാഷ്ടിയത്തിനതീതമായി ജനപ്രതിനിധികളെ യൂസേഴ്‌സ് ഫോറവുമായി സഹകരിപ്പിക്കാനും തീരുമാനിച്ചു. സി. അബ്ദുല്‍ ഹമീദ്, ഡോ: അബ്ദുല്‍ സലാം, എന്നിവര്‍ സംസാരിച്ചു. സി അബ്ദുൽ റസാഖ്, ഫിറോസ് ഹൈദർ കോഴിക്കോട്, നജീബ് അരഞ്ഞിക്കൽ എന്നിവർ പരിപാടിക്ക് നേത്യത്വം നൽകി. പി.എം.നജീബ് സ്വാഗതവും മുഹമ്മദ് നജാത്തി നന്ദിയും പറഞ്ഞു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa