ആശുപത്രി ബില്ലടക്കാത്തതിനാൽ മലയാളിയുടെ മൃതദേഹം മക്കയിലെ മോർച്ചറിയിൽ
ഉംറ നിർവ്വഹിക്കാൻ റിയാദിൽ നിന്ന് മക്കയിലെത്തിയ വേളയിൽ മരിച്ച കണ്ണൂർ സ്വദേശിയുടെ മൃതദേഹം മക്ക കിംഗ് അബ്ദുൽ അസീസ് ഹോസ്പിറ്റൽ മോർച്ചറിയിൽ ആശുപത്രി ബില്ലടക്കാൻ പണമില്ലാത്തതിനാൽ ഒന്നര മാസത്തോളമായി കിടക്കുന്നു.
കണ്ണൂർ പയ്യന്നൂർ സ്വദേശി ഇസ്മയിൽ കാരയലിൻ്റെ (51) മൃതദേഹമാണു കഴിഞ്ഞ ഡിസംബർ 16 മുതൽ മോർച്ചറിയിൽ കിടക്കുന്നത്. ഡിസംബർ 9 മുതൽ ഒരാഴ്ച ഐ സി യുവിൽ ചികിത്സിച്ചതിൻ്റെ ബില്ലാണു അടക്കാനുള്ളത്. ആശുപത്രി രേഖകൾ പ്രകാരം 25,000 റിയാലോളമാണു ബിൽ തുക. ഈ തുക ആരെങ്കിലും ഏറ്റെടുത്താൽ മയ്യിത്ത് വിട്ട് നൽകും.
വിവരമറിഞ്ഞ് മക്കയിലെ സാമൂഹ്യ പ്രവർത്തകനായ മുജീബ് പൂക്കോട്ടൂർ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൻ്റെ സഹായം തേടിയപ്പോൾ മക്ക ഗവർണ്ണറേറ്റിൽ പരാതി നൽകാൻ നിർദ്ദേശം ലഭികുകയും നിർദ്ദേശപ്രകാരം പരാതി നൽകുകയും ചെയ്തുവെങ്കിലും ഇത് വരെ നടപടികൾ ഉണ്ടായിട്ടില്ല.
നാട്ടിൽ ഭാര്യയും മൂന്ന് കുട്ടികളുമടങ്ങുന്ന ദരിദ്ര കുടുംബത്തിനു ഇത്രയും വലിയ സംഖ്യ ഏറ്റെടുക്കാനുള്ള കഴിവില്ലാത്തതിനാൽ കോൺസുലേറ്റും മനുഷ്യ സ്നേഹികളും കനിഞ്ഞാൽ ഈ തുക കണ്ടെത്തി മൃതദേഹം ഏറ്റെടുത്ത് മറവ് ചെയ്യാൻ സാധിക്കുമെന്ന് മുജീബ് അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa