Friday, January 31, 2025
Saudi ArabiaTop Stories

റിയാദിൽ ശക്തമായ പരിശോധന; അഞ്ച് സ്ഥാപനങ്ങൾ അടച്ചുപ്പൂട്ടി, ഫ്‌ളാറ്റുകളും വീടുകളും കേന്ദ്രീകരിച്ചും നിയമ ലംഘനങ്ങൾ

റിയാദിൽ മുനിസിപ്പാലിറ്റി അധികൃതർ വിവിധ വകുപ്പുകളുമായി ചേർന്ന് സംയുക്തമായി നടത്തിയ പരിശോധനയിൽ നിരവധി നിയമ ലംഘനങ്ങൾ കണ്ടെത്തി.

സുസ്ഥിരമായ നഗര അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനായി, ലൈസൻസില്ലാത്ത സ്ഥാപനങ്ങളുമായും അനധികൃത തൊഴിലാളികളുമായും ബന്ധപ്പെട്ട ലംഘനങ്ങൾ നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിശോധന നടത്തുന്നത്.

ഈ ശ്രമങ്ങളുടെ ഫലമായി, നിയമലംഘനം കണ്ടെത്തിയ അഞ്ച് സ്ഥാപനങ്ങൾ അടച്ചുപൂട്ടുകയും, ക്രമരഹിതമായ രീതിയിൽ ഭക്ഷണം തയ്യാറാക്കാൻ ഉപയോഗിച്ച അഞ്ച് അപ്പാർട്ടുമെന്റുകൾ പിടിച്ചെടുക്കുകയും ചെയ്തു.

ലൈസൻസില്ലാതെ തയ്യൽ ജോലി ചെയ്യുന്ന രണ്ട് സ്ഥാപനങ്ങൾ, ക്രമരഹിതമായ രീതിയിൽ മാംസവും ഭക്ഷണവും സൂക്ഷിച്ചിരുന്ന മൂന്ന് വീടുകൾ, തെരുവ് കച്ചവടക്കാരുടെ നിയമലംഘനങ്ങൾ എന്നിവ പരിശോധനയിൽ കണ്ടെത്തി.

അനധികൃതമായി വിറ്റ ആയിരത്തി അഞ്ഞൂറ് കിലോഗ്രാം പച്ചക്കറികളും പഴങ്ങളും കണ്ടുകെട്ടുകയും, മുപ്പത് കിലോഗ്രാം പുകയില വസ്തുക്കൾ കണ്ടെത്തി നശിപ്പിക്കുകയും ചെയ്തു.

ഇതിന് പുറമേ, 22 ഇഖാമ നിയമ ലംഘനങ്ങൾ രേഖപ്പെടുത്തുകയും, സുരക്ഷിതമല്ലാത്ത രീതിയിൽ തയ്യാറാക്കിയ 44 കിലോഗ്രാം ഭക്ഷണം കണ്ടെത്തി നശിപ്പിക്കുകയും ചെയ്തു.

റിയാദ് റീജിയണിലെ ഡെപ്യൂട്ടി ഗവർണറുടെ നേരിട്ടുള്ള ഫോളോ-അപ്പിലൂടെയാണ് ഈ ശ്രമങ്ങൾ ഉണ്ടായത്. വിഷൻ 2030 ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന്റെ ഭാഗമായി നഗര അന്തരീക്ഷം മെച്ചപ്പെടുത്തുകയാണ് ഈ നടപടിയിലൂടെ ലക്‌ഷ്യം വെക്കുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa