Saturday, March 7, 2026
Saudi ArabiaTop Stories

റിയാദ് മെട്രോയിൽ വെച്ച് സെൽഫിയെടുത്തത് വിനയായി; കാണാതായ മലയാളി അഞ്ച് ദിവസത്തിന് ശേഷം തിരിച്ചെത്തി

റിയാദ് മെട്രോയിൽ യാത്രയ്ക്കിടെ കാണാതായ മലയാളി യുവാവ് അഞ്ചു ദിവസത്തെ തിരോധാനത്തിന് ശേഷം താമസസ്ഥലത്ത് തിരിച്ചെത്തി.

കഴിഞ്ഞ ചൊവ്വാഴ്ച മുതൽ കാണാതായ ഇദ്ദേഹത്തെക്കുറിച്ച് യാതൊരു വിവരവും ലഭ്യമല്ലായിരുന്നു. സുഹൃത്തുക്കളും സഹപ്രവർത്തകരും വിവിധയിടങ്ങളിൽ അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല.

റിയാദ് മെട്രോയിൽ വെച്ച് സെൽഫി എടുക്കുന്നതിനിടെ ചില സ്ത്രീകളുടെ ചിത്രങ്ങൾ മൊബൈലിൽ പതിഞ്ഞതാണ് സംഭവങ്ങളുടെ തുടക്കമെന്നാണ് സൂചന. എന്നാൽ കൂടെ യാത്ര ചെയ്തിരുന്ന സ്ത്രീകൾ ആരും തന്നെ ഇദ്ദേഹത്തിനെതിരെ പരാതി നൽകിയിട്ടില്ല.

റിയാദിലെ ബത്ഹയില്‍ നിന്ന് ഫസ്റ്റ് ക്ലാസിൽ യാത്ര ചെയ്യുന്നതിനിടെയാണ് സെൽഫിയെടുത്തത്. കഫ്ദ് സ്റ്റേഷനിൽ എത്തിയപ്പോള്‍ മെട്രോ സുരക്ഷ ഉദ്യോഗസ്ഥര്‍ അടുത്തെത്തി മൊബൈലും ഇഖാമയും ആവശ്യപ്പെട്ടു. ഫോൺ പരിശോധിച്ച ഉദ്യോഗസ്ഥർ ഇദ്ദേഹത്തെ പൊലീസിന് കൈമാറുകയായിരുന്നു.

വിശദമായ ചോദ്യം ചെയ്യലിന് ശേഷം യുവാവിനെ പോലീസ് വിട്ടയച്ചതായാണ് വിവരം. സൗദി അറേബ്യയിലെ നിയമങ്ങൾ അനുസരിച്ച് പൊതുസ്ഥലങ്ങളിൽ മറ്റുള്ളവരുടെ അനുമതിയില്ലാതെ ചിത്രങ്ങൾ പകർത്തുന്നത് കുറ്റകരമാണ്.

എ ഐ ക്യാമറകളുടെ നിരീക്ഷണത്തിലുള്ള റിയാദ് മെട്രോയിൽ, നിയമലംഘനങ്ങൾക്ക് ഉടനടി നടപടി സ്വീകരിക്കാനുള്ള വിപുലമായ സംവിധാനമാണുള്ളത്.

ഈ സംഭവം, പൊതുസ്ഥലങ്ങളിൽ ചിത്രങ്ങൾ പകർത്തുന്നതുമായി ബന്ധപ്പെട്ട് സൗദി അറേബ്യയിലുള്ള നിയമങ്ങളെക്കുറിച്ച് പ്രവാസികൾക്കിടയിൽ കൂടുതൽ അവബോധം ഉണ്ടാകേണ്ടതിന്റെ പ്രാധാന്യം ഓർമ്മിപ്പിക്കുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa