Tuesday, June 17, 2025
Middle EastTop Stories

ഇസ്രായേലിനെ ഞെട്ടിച്ചുകൊണ്ട് മൊസാദ് ആസ്ഥാനത്തിന് നേരെ ഇറാന്റെ മിസൈൽ ആക്രമണം

ഇസ്രായേലിന് അപ്രതീക്ഷിത പ്രഹരം നൽകിക്കൊണ്ട് ചാരസംഘടനയായ മൊസാദിന്റെ ഓപ്പറേഷൻസ് പ്ലാനിംഗ് സെന്ററിനെയും ഒരു സൈനിക ഇന്റലിജൻസ് കേന്ദ്രത്തെയും ആക്രമിച്ചതായി ഇറാൻ അവകാശപ്പെട്ടു.

ഇസ്രായേൽ മണ്ണിലേക്ക് ചരിത്രത്തിലെ ഏറ്റവും വലുതും തീവ്രവുമായ മിസൈൽ ആക്രമണത്തിന് തയ്യാറെടുക്കുകയാണെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.

അതേസമയം, ഇസ്രായേലിൽ നിന്നുള്ള ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഈ അവകാശവാദത്തെക്കുറിച്ച് ഇതുവരെ പുറത്തുവന്നിട്ടില്ല.

ടെൽ അവീവിൽ സ്ഫോടനങ്ങൾ മുഴങ്ങുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇത് മേഖലയിലെ സംഘർഷം പുതിയ തലങ്ങളിലേക്ക് കടക്കുന്നതിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.

നേരത്തെ, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെ വധിക്കുന്നത് ശത്രുത വർദ്ധിപ്പിക്കില്ലെന്നും, മറിച്ച് “സംഘർഷം അവസാനിപ്പിക്കുമെന്നും” പ്രസ്താവിച്ചത് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കിയിട്ടുണ്ട്.

ഹൈഫയിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ തീപിടിത്തമുണ്ടായ ഹൈഫ റിഫൈനറി അടച്ചുപൂട്ടിയതായി ഇസ്രായേൽ അധികൃതർ അറിയിച്ചു. ഇതിന്റെ ദൃശ്യങ്ങൾ പകർത്തിയ മാധ്യമ പ്രവർത്തകരെ ഇസ്രായേൽ അറസ്റ്റ് ചെയ്തതായി റിപ്പോർട്ടുണ്ട്.

ഇസ്രായേൽ-ഇറാൻ സംഘർഷം ശക്തമായതോടെ യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ടെഹ്‌റാനിലെ എല്ലാ നിവാസികളോടും പലായനം ചെയ്യാൻ ഉത്തരവിട്ടുകൊണ്ട് സോഷ്യൽ മീഡിയയിൽ ഭീഷണി മുഴക്കി. ഇറാന് ആണവായുധം കൈവശം വെക്കാൻ കഴിയില്ലെന്നും ട്രംപ് ആവർത്തിച്ച് വ്യക്തമാക്കി.

ഇറാന്റെ മൊസാദ് ആസ്ഥാനം ആക്രമിക്കപ്പെട്ടുവെന്ന അവകാശവാദം ഇതുവരെ സ്വതന്ത്രമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെങ്കിലും, ഇരുപക്ഷവും തമ്മിലുള്ള നിഴൽയുദ്ധവും പരസ്പര ആരോപണങ്ങളും കൂടുതൽ ശക്തമാകുന്നതായാണ് ഇത് കാണിക്കുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa