Friday, March 6, 2026
Top StoriesU A E

കണ്ണൂർ സ്വദേശിയായ യുവാവിന്റെ മരണം; മലയാളി ഉടമസ്ഥതയിലുള്ള കമ്പനി ഉടമയ്ക്കെതിരെ കുടുംബം പരാതി നൽകി

ദുബായിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച കണ്ണൂർ പാനൂർ വള്ള്യായി സ്വദേശി അനഘിന്റെ (25) മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം.

അനഘിനെ കമ്പനി ഉടമ കേസിൽ കുടുക്കുകയും ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയും ചെയ്തെന്ന് കാണിച്ച് കുടുംബം മുഖ്യമന്ത്രിക്കും നോർക്ക വൈസ് ചെയർമാനും പരാതി നൽകി.

മൊകേരി വള്ള്യായിലെ പോയന്റവിട വാസുവിന്റെയും വത്സലയുടേയും മകനാണ് അനഘ്. ഫെബ്രുവരി 11-നാണ് ദുബായിലെ താമസസ്ഥലത്ത് അനഘിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

കൂത്തുപറമ്പ് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ഒരു കാർഗോ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു അനഘ്. കമ്പനിയുടെ കാർഗോ ഇടപാടുമായി ബന്ധപ്പെട്ട് ഇദ്ദേഹം ഒരു കേസിൽ അകപ്പെട്ടിരുന്നു.

ഈ കേസിൽ പ്രതികളായിരുന്ന കമ്പനിയുടെ മാനേജരെയും എംഡിയുടെ സഹോദരനെയും രക്ഷിക്കാൻ വേണ്ടിയാണ് അനഘിനെ കേസിൽ കുടുക്കിയതെന്നാണ് കുടുംബത്തിന്റെ പ്രധാന ആരോപണം.

അനഘിന്റെ അമ്മയുടെ വെളിപ്പെടുത്തൽ പ്രകാരം, മകനെ നിയമക്കുരുക്കിൽ നിന്ന് രക്ഷിക്കാനും കേസ് നടത്താനും വേണ്ടി വീട് പണയപ്പെടുത്തിയും കടം വാങ്ങിയും ഏകദേശം 13 ലക്ഷത്തോളം രൂപ ദുബായിലേക്ക് അയച്ചിരുന്നു.

കേസിന്റെ വിചാരണ നടക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് അനഘ് ദുരൂഹ സാഹചര്യത്തിൽ മരിക്കുന്നത്. മകൻ മരിച്ച് ഒരാഴ്ചയ്ക്ക് ശേഷം, കേസ് നടത്തിപ്പിനും മൃതദേഹം നാട്ടിലെത്തിക്കാനും ചെലവായ പണം ആവശ്യപ്പെട്ട് കമ്പനി ഉടമ കുടുംബത്തെ ബന്ധപ്പെട്ടതായും അനഘിന്റെ അമ്മയുടെ പരാതിയിൽ പറയുന്നു.

നാല് മാസത്തെ ശമ്പളവും നാല് വർഷത്തിലേറെ ജോലി ചെയ്തതിന്റെ സെറ്റിൽമെന്റ് തുകയും കമ്പനി നൽകാത്തതിനെതിരെ നോർക്കയ്ക്കും കുടുംബം പരാതി നൽകിയിട്ടുണ്ട്. കമ്പനി ഉടമയും ഭാര്യയും ചേർന്ന് അനഘിനെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നു എന്നും മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ കുടുംബം ആരോപിക്കുന്നുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa