Friday, March 6, 2026
Saudi ArabiaTop Stories

ജിദ്ദയിൽ ഡ്രൈനേജ് നിയമം കർശനം; ലംഘിച്ചാൽ 2 കോടി റിയാൽ വരെ പിഴ

ജിദ്ദയിലെ മഴവെള്ള ഡ്രെയിനേജ് ശൃംഖലകളിലേക്ക് മലിനജലം ഒഴുക്കിവിടുന്നതിനെതിരെ ജിദ്ദ മേയർ ഓഫീസ് കർശന മുന്നറിയിപ്പ് നൽകി. ഇത് ഗുരുതരമായ പാരിസ്ഥിതിക കുറ്റകൃത്യമാണെന്നും, നിയമലംഘകർക്ക് 20 ദശലക്ഷം (രണ്ട് കോടി) റിയാൽ വരെ പിഴ ചുമത്തുമെന്നും അവർ വ്യക്തമാക്കി.

ഈ നിയമവിരുദ്ധമായ പ്രവൃത്തി അടിസ്ഥാന സൗകര്യങ്ങൾക്ക് ഹാനികരമാണെന്നും, പരിസ്ഥിതിക്കും പൊതുജനാരോഗ്യത്തിനും ദോഷകരമായി ബാധിക്കുമെന്നും, കൂടാതെ ഡ്രെയിനേജ് ശൃംഖലകളിൽ തടസ്സങ്ങളും ഗതാഗതക്കുരുക്കും സൃഷ്ടിക്കുമെന്നും ഓഫീസ് ഊന്നിപ്പറഞ്ഞു.

പിഴകൾ സാമ്പത്തികമായവയിൽ മാത്രം ഒതുങ്ങുന്നില്ലെന്നും, നിയമലംഘകർക്കെതിരെ നിരവധി നിയന്ത്രണ നടപടികളും ഉൾപ്പെടുമെന്നും അവർ വിശദീകരിച്ചു.

മലിനജലം ഒഴുക്കിവിടുന്നത് ഉടനടി നിർത്തലാക്കുക, മലിനജലം ഒഴുക്കിവിട്ടതിലൂടെയുണ്ടായ പാരിസ്ഥിതിക നാശനഷ്ടങ്ങൾ പരിഹരിക്കുക, നഷ്ടപരിഹാരം നൽകുക, കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുക എന്നിവയാണ് ഈ നടപടികളിൽ ഏറ്റവും പ്രധാനപ്പെട്ടവ.

എല്ലാ സ്ഥാപനങ്ങളോടും വ്യക്തികളോടും പാരിസ്ഥിതിക നിയമങ്ങളും നിർദ്ദേശങ്ങളും കർശനമായി പാലിക്കാനും, ഏതെങ്കിലും തരത്തിലുള്ള നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഔദ്യോഗിക ആശയവിനിമയ ചാനലുകളിലൂടെ റിപ്പോർട്ട് ചെയ്യാനും ഓഫീസ് ആഹ്വാനം ചെയ്തു.

ജിദ്ദയുടെ നഗരശുചിത്വവും പാരിസ്ഥിതിക സന്തുലിതാവസ്ഥയും നിലനിർത്തുന്നതിൽ ഈ നീക്കം നിർണായകമാണ്. പൊതുജനാരോഗ്യത്തിനും നഗരത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾക്കും സംരക്ഷണം ഉറപ്പാക്കുക എന്നതാണ് ഈ കർശന നടപടികളിലൂടെ അധികൃതർ ലക്ഷ്യമിടുന്നത്.

ഈ നിയമങ്ങൾ പാലിക്കുന്നത് ഓരോ പൗരന്റെയും താമസക്കാരന്റെയും കടമയാണെന്നും ജിദ്ദ മേയർ ഓഫിസ് ഓർമ്മിപ്പിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa