Friday, March 6, 2026
Saudi ArabiaTop Stories

പാസ്സ്‌പോർട്ട് നഷ്ടപ്പെട്ടു; ഉംറക്കെത്തിയ നാലംഗ കുടുംബത്തിന് വിമാനത്താവളത്തിൽ കഴിയേണ്ടി വന്നത് നാല് ദിവസം

ഉംറക്കെത്തിയ നാലംഗ കുടുംബത്തിന് പാസ്പോർട്ട് നഷ്ടപ്പെട്ടതിനെ തുടർന്ന് റിയാദ് വിമാനത്താവളത്തിൽ കഴിയേണ്ടി വന്നത് നാല് ദിവസം.

ദുബായ് വഴി റിയാദിലെത്തിയ ഗുജറാത്ത് സൂറത്ത് സ്വദേശിയായ സാബിർ അഹമ്മദിനും കുടുംബത്തിനുമാണ് ഈ ദുരനുഭവം ഉണ്ടായത്.

റിയാദ് വിമാനത്താവളത്തിൽ ഇറങ്ങി എമിഗ്രേഷൻ നടപടികൾക്കായി ബാഗ് എടുക്കുമ്പോഴാണ് യാത്രാരേഖകൾ നഷ്ടപ്പെട്ടതായി അറിയുന്നത്.

ദുബായിൽ നിന്ന് വിമാനത്തിൽ കയറുന്നതിന് മുമ്പ് വരെ പാസ്‌പോർട്ടുകൾ കൈവശമുണ്ടായിരുന്നതായും പിന്നീട് എവിടെവെച്ചാണ് നഷ്ടപ്പെട്ടതെന്ന് അറിയില്ലെന്നും സാബിർ പറഞ്ഞു.

പാസ്‌പോർട്ടില്ലാതെ വിമാനത്താവളത്തിൽ കുടുങ്ങിയ ഇവരെ ശ്രദ്ധയിൽപ്പെട്ട വിമാനത്താവള ഉദ്യോഗസ്ഥൻ റിയാദിലെ സാമൂഹിക പ്രവർത്തകനായ ശിഹാബ് കൊട്ടുകാടിനെ വിവരമറിയിക്കുകയായിരുന്നു.

ഷിഹാബ് കൊട്ടുകാട് വിമാനത്താവളത്തിലെത്തി അധികൃതരുമായി സംസാരിച്ച് കുടുംബത്തെ സഹായിക്കാൻ മുന്നിട്ടിറങ്ങി. തുടർന്ന്, ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് പുതിയ പാസ്‌പോർട്ടിന് അപേക്ഷ നൽകി.

സൗദിയിൽ താമസരേഖയായ ഇഖാമ ഇല്ലാത്തതിനാൽ പുതിയ പാസ്‌പോർട്ടിന് പകരം ഔട്ട്പാസ്സിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ എംബസി നിർദ്ദേശിച്ചു.

അവധി ദിവസമായിരുന്നിട്ടും എംബസി അടിയന്തരമായി ഔട്ട്പാസ് അനുവദിച്ചു. ഇതോടെ ഉംറ നിർവഹിക്കാൻ സാധിക്കാതെ കുടുംബത്തിന് നാട്ടിലേക്ക് മടങ്ങേണ്ടി വന്നു.

പ്രതിസന്ധി ഘട്ടത്തിൽ സഹായിച്ച സാമൂഹിക പ്രവർത്തകർക്കും ഇന്ത്യൻ എംബസിക്കും നന്ദി അറിയിച്ച സാബിർ, വിമാനത്താവളത്തിൽ കഴിയുന്ന ദിവസങ്ങളിൽ അധികാരികളിൽ നിന്ന് മികച്ച പിന്തുണ ലഭിച്ചുവെന്നും പറഞ്ഞു.

യാത്രാരേഖകൾ സൂക്ഷിക്കുന്നതിൽ യാത്രക്കാർ അതീവ ജാഗ്രത പാലിക്കണമെന്ന് സാമൂഹിക പ്രവർത്തകർ മുന്നറിയിപ്പ് നൽകി. കഴിഞ്ഞ മാസങ്ങളിലും സമാനമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa