Friday, March 6, 2026
Middle EastTop Stories

കിഴക്കൻ ജറുസലേമിൽ വെടിവെപ്പ്: ആറ് പേർ കൊല്ലപ്പെട്ടു, 12 പേർക്ക് പരിക്ക്; പ്രതികളെ വധിച്ചെന്ന് ഇസ്രായേൽ

അധിനിവേശ കിഴക്കൻ ജറുസലേമിൽ നടന്ന വെടിവെപ്പിൽ ആറ് പേർ കൊല്ലപ്പെടുകയും 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇസ്രായേലി അധികൃതർ അറിയിച്ചു. വാഹനത്തിലെത്തിയ അക്രമികൾ ബസ് സ്റ്റോപ്പിലേക്ക് വെടിയുതിർക്കുകയായിരുന്നു.

അധിനിവേശ വെസ്റ്റ് ബാങ്കിലെ ഒരു പ്രദേശത്ത് നിന്നുള്ളവരാണ് അക്രമികളെന്നും, ഇവർ ടിക്കറ്റ് ഇൻസ്‌പെക്ടർമാരെ പോലെ വേഷമിട്ട് ബസിൽ കയറി വെടിവെപ്പ് നടത്തുകയായിരുന്നു എന്നും ദൃക്‌സാക്ഷികൾ പറയുന്നു.

ഇന്ന് രാവിലെ റമോട്ട് ജംഗ്ഷനിലാണ് സംഭവം. പരിക്കേറ്റവരിൽ ആറു പേരുടെ നില ഗുരുതരമാണെന്ന് ഇസ്രായേൽ പാരാമെഡിക് സർവീസായ മാഗൻ ഡേവിഡ് അഡോം അറിയിച്ചു. ഗ്ലാസ് പൊട്ടിത്തെറിച്ച് പരിക്കേറ്റവർക്ക് സംഭവസ്ഥലത്ത് തന്നെ ചികിത്സ നൽകി. ഇസ്രായേൽ പോലീസ് ഇതിനെ ഒരു “ഭീകരാക്രമണം” എന്നാണ് വിശേഷിപ്പിച്ചത്.

ആക്രമണത്തിന് പിന്നാലെ, രണ്ട് അക്രമികളെയും വധിച്ചതായി പോലീസ് അറിയിച്ചു. സുരക്ഷാ ഉദ്യോഗസ്ഥനും ഒരു സാധാരണക്കാരനും ചേർന്നാണ് അക്രമികളെ വെടിവെച്ച് കൊന്നത്.

സംഭവത്തെ തുടർന്ന് കിഴക്കൻ ജറുസലേമിനും വെസ്റ്റ് ബാങ്കിനും ഇടയിലുള്ള എല്ലാ ചെക്ക്‌പോസ്റ്റുകളും ഇസ്രായേൽ സേന അടച്ചു. അക്രമികൾ വെസ്റ്റ് ബാങ്കിൽ നിന്നുള്ളവരാണെന്ന് പോലീസ് പറഞ്ഞു.

ഇതിന് പിന്നാലെ, ഇസ്രായേൽ സൈന്യം ജറുസലേം ഗവർണറേറ്റിലെ ഖത്താന, ബിദ്ദു, ബീത് ഇനാൻ, ബീത് ദുഖു തുടങ്ങിയ നാല് പലസ്തീൻ ഗ്രാമങ്ങൾ വളഞ്ഞ് റെയ്ഡ് നടത്തുന്നുണ്ട്.

അക്രമികളുടെ “സഹായികളെ” കണ്ടെത്താൻ ജറുസലേം മേഖലയിൽ കൂടുതൽ സൈന്യത്തെ വിന്യസിച്ച് വ്യാപകമായ തിരച്ചിൽ നടത്തുകയാണെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു.

ഇസ്രായേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും, തീവ്ര വലതുപക്ഷ സുരക്ഷാ മന്ത്രി ഇറ്റമാർ ബെൻ-ഗ്വിറും ആക്രമണം നടന്ന സ്ഥലം സന്ദർശിച്ചു. സുരക്ഷാ പ്രശ്നങ്ങൾ കാരണം തിങ്കളാഴ്ച നടത്താനിരുന്ന അഴിമതി കേസിന്റെ വിചാരണയിൽ താൻ പങ്കെടുക്കില്ലെന്ന് നെതന്യാഹു ജഡ്ജിമാരെ അറിയിച്ചു.

കഴിഞ്ഞ വർഷം നവംബറിന് ശേഷം ജറുസലേം മേഖലയിൽ ഇത്തരമൊരു സംഭവം നടക്കുന്നത് ആദ്യമാണെന്ന് ഇസ്രായേലി അധികൃതർ പറയുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa