ഖത്തറിന് യു.എസ്. സുരക്ഷാ ഗ്യാരണ്ടി: എക്സിക്യൂട്ടീവ് ഉത്തരവിൽ ട്രംപ് ഒപ്പുവച്ചു, നിർണായക നീക്കം ഇസ്രായേൽ ആക്രമണത്തിന് പിന്നാലെ
ഗൾഫ് രാഷ്ട്രമായ ഖത്തറിന് യു.എസ്. സുരക്ഷാ ഉറപ്പ് നൽകുന്ന എക്സിക്യൂട്ടീവ് ഉത്തരവിൽ യു.എസ്. പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവച്ചു.
ഖത്തറിൻ്റെ ഭൂപ്രദേശത്തിനോ പരമാധികാരത്തിനോ പ്രധാനപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾക്കോ നേരെയുണ്ടാകുന്ന ഏതൊരു സായുധ ആക്രമണവും അമേരിക്കയുടെ സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയായി കണക്കാക്കുമെന്ന് ഈ ഉത്തരവിൽ വ്യക്തമാക്കുന്നു.
അത്തരമൊരു ആക്രമണം ഉണ്ടാകുന്ന പക്ഷം, “യുണൈറ്റഡ് സ്റ്റേറ്റ്സിൻ്റെയും ഖത്തർ രാഷ്ട്രത്തിൻ്റെയും താൽപ്പര്യങ്ങൾ സംരക്ഷിക്കാനും സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കാനും നയതന്ത്രപരവും, സാമ്പത്തികപരവും, ആവശ്യമെങ്കിൽ സൈനികപരവുമായ എല്ലാ നിയമപരവും ഉചിതവുമായ മാർഗ്ഗങ്ങൾ ഉപയോഗിച്ച്” വാഷിംഗ്ടൺ പ്രവർത്തിക്കുമെന്ന് ഉത്തരവിൽ പറയുന്നു.
മറ്റ് സഖ്യകക്ഷികളുമായി ചേർന്ന് സംയുക്ത ആസൂത്രണം നടത്താനും സഹായ നടപടികൾ ഏകോപിപ്പിക്കാനും ഉത്തരവിൽ യു.എസ്. പ്രതിരോധ സെക്രട്ടറിക്കും വിദേശകാര്യ സെക്രട്ടറിക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.
ഗാസ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള 21-പോയിൻ്റ് പ്ലാൻ ട്രംപും ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവും ചേർന്ന് പ്രഖ്യാപിച്ച അതേ ദിവസമാണ് ഈ എക്സിക്യൂട്ടീവ് ഉത്തരവ് ഒപ്പിട്ടത്
ഖത്തറുമായുള്ള വർഷങ്ങളായുള്ള യുഎസ് സഹകരണത്തിൻ്റെയും, അമേരിക്കൻ സൈന്യത്തിന് ആതിഥേയത്വം വഹിക്കുന്നതിലൂടെ “നിർണായക സുരക്ഷാ പ്രവർത്തനങ്ങൾ” സാധ്യമാക്കുന്നതിൻ്റെയും, “മിഡിൽ ഈസ്റ്റിലും ലോകമെമ്പാടുമുള്ള സമാധാനത്തിനും സ്ഥിരതയ്ക്കും വേണ്ടിയുള്ള ഉറച്ച പങ്കാളി” എന്ന നിലയിലും ആണ് ഈ തീരുമാനം എടുത്തതെന്ന് ഉത്തരവിൽ പറയുന്നു
എങ്കിലും ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രായേൽ ദോഹയിൽ വ്യോമാക്രമണം നടത്തിയതിന് പിന്നാലെയാണ് ഈ നീക്കം എന്നത് ശ്രദ്ധേയമാണ്.
സെപ്തംബർ 9-ന് നടന്ന വ്യോമാക്രമണത്തിനെതിരെ ഖത്തറും മറ്റ് അറബ് രാജ്യങ്ങളും ശക്തമായി പ്രതികരിച്ചിരുന്നു.
ആക്രമണത്തെ യു.എസ്. അപലപിക്കുകയും ചെയ്തിരുന്നു. ഇസ്രായേലിൻ്റെ ആക്രമണം ആവർത്തിക്കില്ലെന്ന് ഉറപ്പുവരുത്തിക്കൊണ്ട് ട്രംപ് ഒരു പടികൂടി മുന്നോട്ട് പോയി ഖത്തറിന് സുരക്ഷാ ഗ്യാരണ്ടി നൽകി.
അക്രമം പരാജയപ്പെട്ട ദോഹ വ്യോമാക്രമണം തിങ്കളാഴ്ച വൈറ്റ് ഹൗസിൽ ട്രംപും നെതന്യാഹുവും തമ്മിലുള്ള ചർച്ചയിലും വിഷയമായിരുന്നു.
ഈ കൂടിക്കാഴ്ചയിൽ, ട്രംപിൻ്റെ നിർദ്ദേശപ്രകാരം നെതന്യാഹു ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം അൽ ഥാനിയുമായി സംസാരിക്കുകയും, ഖത്തറിൻ്റെ പരമാധികാരം ലംഘിച്ചതിനും ഒരു ഖത്തരി സൈനികൻ്റെ മരണത്തിനും ഖേദം പ്രകടിപ്പിക്കുകയും മാപ്പ് പറയുകയും ചെയ്തിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
