പൊതു സുരക്ഷയ്ക്ക് ഭീഷണി; സൗദി അറേബ്യയിൽ ഒരാഴ്ചക്കിടെ 6,176 മോട്ടോർ ബൈക്കുകൾ പിടികൂടി, ഏറ്റവും കൂടുതൽ റിയാദിലും ജിദ്ദയിലും
സൗദി അറേബ്യയിലുടനീളം ട്രാഫിക് വിഭാഗങ്ങൾ സംയുക്തമായി നടത്തിയ പരിശോധനയിൽ, നിയമലംഘനം നടത്തിയ 6,176 മോട്ടോർ ബൈക്കുകൾ പിടികൂടി.
2025 ഒക്ടോബർ 19 ഞായറാഴ്ച മുതൽ ഒക്ടോബർ 25 ശനിയാഴ്ച വരെയുള്ള ഒരാഴ്ച കാലയളവിലാണ് ഇത്രയും ബൈക്കുകൾ അധികൃതർ പിടികൂടിയത്.
റിയാദ് മേഖലയിലാണ് ഏറ്റവും കൂടുതൽ നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്തത് ഇവിടെ 3,043 ബൈക്കുകൾ പിടികൂടി. തൊട്ടുപിന്നാലെ ജിദ്ദയിൽ 1,925 ബൈക്കുകളും കിഴക്കൻ പ്രവിശ്യയിൽ 389 ബൈക്കുകളും പിടികൂടി.
രാജ്യത്തിൻ്റെ മറ്റ് പ്രധാന മേഖലകളിലും പരിശോധന ശക്തമായിരുന്നു. മക്ക പ്രവിശ്യയിൽ 235 ബൈക്കുകളും മദീന മുനവ്വറയിൽ 225 ബൈക്കുകളും അസീർ മേഖലയിൽ 90 ബൈക്കുകളും പിടികൂടി. താഇഫ് പ്രവിശ്യയിൽ 83 ബൈക്കുകൾ നിയമലംഘനം നടത്തിയതിന് പിടിച്ചെടുത്തു.
തബൂക്ക്, ഖസീം മേഖലകളിൽ യഥാക്രമം 64, 38 ബൈക്കുകളും ഇതേ എണ്ണം (38) ജിസാനിലും പിടികൂടി. കൂടാതെ, ഹായിലിൽ 19, നജ്റാനിൽ 14, വടക്കൻ അതിർത്തി മേഖലകളിൽ 6 ബൈക്കുകളും പിടികൂടി. എന്നാൽ, അൽ-ജൗഫ്, അൽ-ബാഹ മേഖലകളിൽ കാര്യമായ നിയമലംഘനങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. അൽ-ഖുറയ്യാത്ത് പ്രവിശ്യയിൽ 7 ബൈക്കുകളാണ് പിടിയിലായത്.
അനധികൃതമായി, അല്ലെങ്കിൽ നിശ്ചിതമല്ലാത്ത സ്ഥലങ്ങളിൽ മോട്ടോർ ബൈക്കുകൾ ഉപയോഗിക്കുന്നത് പൊതു സുരക്ഷയ്ക്ക് ഭീഷണിയാകുന്നതിനാലാണ് സൗദി ട്രാഫിക്കിൻ്റെ ഈ കർശന നടപടി.
സുരക്ഷാ നിയമങ്ങൾ പാലിക്കാനും ആവശ്യമായ സുരക്ഷാ ഉപകരണങ്ങൾ ഉപയോഗിക്കാനും ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് (GDT) ബൈക്ക് യാത്രികരോട് ആവശ്യപ്പെട്ടു. ഇത്തരം പരിശോധനകൾ തുടരുമെന്നും അവർ മുന്നറിയിപ്പ് നൽകി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
