Friday, March 6, 2026
Saudi ArabiaTop Stories

ഭീകരപ്രവർത്തനം; മൂന്ന് സൗദി പൗരന്മാരുടെ വധശിക്ഷ നടപ്പാക്കി

ദമാം: സൗദിക്കകത്ത് ഭീകര പ്രവർത്തനത്തിലേർപ്പെട്ട മൂന്ന് സൗദി പൗരന്മാരുടെ വധ ശിക്ഷ ഈസ്റ്റേൺ പ്രൊവിൻസിൽ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം പ്രസ്താവിച്ചു.

ഹുസൈൻ ബിൻ ഹൈദർ ബിൻ അലവി അൽ-ഖല്ലാഫ്, മുഹമ്മദ് ബിൻ അഹമ്മദ് ബിൻ സൗദ് അൽ ഹമദ്, ഹസ്സൻ ബിൻ സാലിഹ് ബിൻ മഹ്ദി സലിം എന്നീ മൂന്ന്  പേരെയാണ് വധശിക്ഷക്ക് വിധേയരാക്കിയത്.

ഒരു സുരക്ഷാ ഉദ്യോഗസ്ഥനെ കൊല്ലുകയും മറ്റൊരാൾക്ക് പരിക്കേൽപ്പിക്കുകയും ചെയ്തു, സുരക്ഷാ ആസ്ഥാനത്തും വാഹനങ്ങളിലും വെടിയുതിർത്തു, സ്ഫോടകവസ്തുക്കൾ നിർമ്മിച്ചു, സമൂഹത്തിന്റെ സുരക്ഷയും സ്ഥിരതയും തകർക്കുക എന്ന ലക്ഷ്യത്തോടെ ആയുധങ്ങളും വെടിക്കോപ്പുകളും കൈവശം വച്ചു തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ആരോപിക്കപ്പെട്ടത്.

നിരപരാധികളെ ആക്രമിക്കുകയോ, രക്തം ചിന്തുകയോ, അവരുടെ ജീവിക്കാനുള്ള അവകാശവും സുരക്ഷയും ലംഘിക്കുകയോ ചെയ്യുന്ന ഏതൊരാൾക്കും എതിരെ സുരക്ഷ നിലനിർത്തുന്നതിനും, നീതി കൈവരിക്കുന്നതിനും, ഇസ് ലാമിക ശരീഅത്തിലെ വ്യവസ്ഥകൾ നടപ്പിലാക്കുന്നതിനുമുള്ള സൗദി സർക്കാരിന്റെ പ്രതിബദ്ധത മന്ത്രാലയം സ്ഥിരീകരിച്ചു.  അത്തരം പ്രവൃത്തികൾ ചെയ്യാൻ ധൈര്യപ്പെടുന്ന ആർക്കും നിയമപരമായ ശിക്ഷ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്