സൗദിയിൽ വിദേശിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ സൗദി പൗരനെ വധശിക്ഷക്ക് വിധേയനാക്കി
സൗദിയിൽ വിദേശിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ സൗദി പൗരന്റെ വധശിക്ഷ നടപ്പിലാക്കി. ഈജിപ്ഷ്യൻ സ്വദേശിയെയാണ് ഇയാൾ കൊലപ്പെടുത്തിയത്.
പ്രതിയായ ജമീൽ ബിൻ നിസാർ, ഈജിപ്ഷ്യൻ പൗരനായ മുഹമ്മദ് അഹമ്മദ് അലി ഹാമിദിനെ തന്ത്രപൂർവ്വം വിളിച്ചുവരുത്തുകയും തുടർന്ന് ക്രൂരമായി മർദ്ദിക്കുകയും കൈകാലുകൾ കെട്ടിയിടുകയും ചെയ്തു.
മർദ്ദനമേറ്റ് അവശനായ ഇയാളെ ജീവനോടെ തന്നെ സ്വന്തം വാഹനത്തിനുള്ളിൽ ഉപേക്ഷിച്ചു. രക്തം വാർന്ന് വാഹനത്തിനുള്ളിൽ കിടന്ന മുഹമ്മദ് അഹമ്മദ് പിന്നീട് മരണപ്പെടുകയായിരുന്നു.
കൃത്യത്തിന് ശേഷം സ്ഥലത്തുനിന്ന് രക്ഷപ്പെട്ട പ്രതിയെ സൗദി സുരക്ഷാ സേന അതിവേഗം പിടികൂടി. അന്വേഷണത്തിൽ പ്രതി കുറ്റം സമ്മതിച്ചു. തുടർന്ന് കേസ് സ്പെഷ്യലൈസ്ഡ് കോടതിയിലേക്ക് കൈമാറി.
കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചു. ഈ വിധി അപ്പീൽ കോടതിയും പിന്നീട് സുപ്രീം കോടതിയും ശരിവെച്ചു. ഇതിനു പിന്നാലെ വിധി നടപ്പിലാക്കാൻ രാജകീയ ഉത്തരവ് പുറത്തിറങ്ങി.
2025 ഡിസംബർ 25 വ്യാഴാഴ്ച (ഹിജ്റ 1447 റജബ് 5) മക്ക പ്രവിശ്യയിൽ വെച്ചാണ് ശിക്ഷ നടപ്പിലാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
