തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിൽ മധുര പാനീയങ്ങൾക്ക് ഏർപ്പെടുത്തിയ പരിഷ്കരിച്ച നികുതി നാളെ മുതൽ പ്രാബല്യത്തിൽ വരും; വിശദമായി അറിയാം

സൗദി അറേബ്യയിൽ മധുരപാനീയങ്ങൾക്ക് സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി ഏർപ്പെടുത്തിയ പരിഷ്കരിച്ച നികുതി നാളെ ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വരും.

ഇതുവരെ പാനീയങ്ങളുടെ വിലയുടെ 50 ശതമാനമായിരുന്നു നികുതിയായി ഈടാക്കിയിരുന്നത് എങ്കിൽ, പുതിയ സമ്പ്രദായം അനുസരിച്ച് പാനീയത്തിലെ പഞ്ചസാരയുടെ അളവ് കണക്കാക്കിയാകും നികുതി നിശ്ചയിക്കുക.

പാനീയത്തിന്റെ വിലയ്ക്ക് പകരം, അതിലടങ്ങിയിരിക്കുന്ന പഞ്ചസാരയുടെ അളവ് (ഗ്രാം/100 മില്ലി) അടിസ്ഥാനമാക്കിയാണ് പുതിയ നികുതി ഘടന.

പഞ്ചസാര കുറഞ്ഞ പാനീയങ്ങൾക്ക് നികുതി കുറയുകയും പഞ്ചസാരയുടെ അളവ് കൂടുന്നതിനനുസരിച്ച് നികുതി വർദ്ധിക്കുകയും ചെയ്യുന്നതാണ് ഈ രീതി.

പുതിയ നികുതി നിരക്കുകളെ അതോറിറ്റി നാല് വിഭാഗങ്ങളായി (Brackets) തിരിച്ചിട്ടുണ്ട്: ഒന്നാം വിഭാഗം: കൃത്രിമ മധുരം മാത്രം ചേർത്തതും പഞ്ചസാര തീരെയില്ലാത്തതുമായ പാനീയങ്ങൾ.

രണ്ടാം വിഭാഗം: കുറഞ്ഞ അളവിൽ പഞ്ചസാര അടങ്ങിയവ (100 മില്ലിയിൽ 5 ഗ്രാമിൽ താഴെ). മൂന്നാം വിഭാഗം: ഇടത്തരം അളവിൽ പഞ്ചസാര അടങ്ങിയവ (100 മില്ലിയിൽ 5 ഗ്രാം മുതൽ 7.99 ഗ്രാം വരെ). നാലാം വിഭാഗം: അമിത അളവിൽ പഞ്ചസാര അടങ്ങിയവ (100 മില്ലിയിൽ 8 ഗ്രാം അതിൽ കൂടുതലോ).

പൊതുജനാരോഗ്യം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ മാറ്റം നടപ്പിലാക്കുന്നത്. ജി.സി.സി രാജ്യങ്ങളുടെ സംയുക്ത ആരോഗ്യ പദ്ധതികളുടെ ഭാഗമായാണ് ഈ തീരുമാനം.

അമിതമായ പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കാൻ ഉപഭോക്താക്കളെ പ്രേരിപ്പിക്കുന്നതോടൊപ്പം, നികുതി ഭാരം കുറയ്ക്കുന്നതിനായി പാനീയങ്ങളിൽ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ നിർമ്മാതാക്കളെയും ഇറക്കുമതിക്കാരെയും ഇത് പ്രേരിപ്പിക്കും.

പഞ്ചസാരയോ മറ്റ് മധുരങ്ങളോ ചേർത്ത എല്ലാ പാനീയങ്ങൾക്കും ഈ നികുതി ബാധകമായിരിക്കും. ഇത് കുടിക്കാൻ തയ്യാറായ രൂപത്തിലുള്ള ഉല്പന്നങ്ങൾക്കും, വെള്ളം ചേർത്ത് പാനീയമാക്കാവുന്ന പൗഡറുകൾ, എക്സ്ട്രാക്റ്റുകൾ എന്നിവയ്ക്കും ഒരുപോലെ ബാധകമാണ്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group