റിയാദിലെ കടകളിൽ മിന്നൽ പരിശോധന; നാലായിരം കിലോ കേടായ മാംസം പിടികൂടി നശിപ്പിച്ചു
റിയാദിലെ വിവിധ വിപണികളിലും അനധികൃത വിൽപ്പന കേന്ദ്രങ്ങളിലും പരിസ്ഥിതി, ജലം, കൃഷി മന്ത്രാലയം നടത്തിയ മിന്നൽ പരിശോധനയിൽ സ്രോതസ്സ് വെളിപ്പെടുത്താത്ത 4.2 ടണ്ണിലധികം കോഴിയിറച്ചി പിടികൂടി നശിപ്പിച്ചു.
10 ടണ്ണിലധികം കേടായ മാംസമാണ് സമീപകാലത്തായി മന്ത്രാലയം പിടികൂടിയത്. ഏകദേശം 40,000 പേർക്ക് ഭക്ഷണം നൽകാൻ ആവശ്യമായ അളവിലുള്ള ഇറച്ചിയാണ് പിടിച്ചെടുത്തത്.
പരിശോധനയിൽ കണ്ടെത്തിയ ഇറച്ചി, ശാസ്ത്രീയമായ പരിശോധനകളോ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങളോ പാലിക്കാതെ തയ്യാറാക്കിയതാണെന്ന് വ്യക്തമായി.
നഗരത്തിന് പുറത്തുള്ള അനധികൃത താമസ കേന്ദ്രങ്ങളിലും മറ്റും പ്രവർത്തിച്ചിരുന്ന വൃത്തിഹീനമായ അറവുശാലകളിലാണ് ഇവ തയ്യാറാക്കിയിരുന്നത്.
കഴിഞ്ഞ വർഷം മാത്രം ഭക്ഷ്യസുരക്ഷാ നിയമങ്ങൾ ലംഘിച്ചതിന് രാജ്യത്ത് 6,500 നിയമലംഘനങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇത്തരത്തിൽ പിടിയിലായവരിൽ നിന്നായി 6.5 ദശലക്ഷം (65 ലക്ഷം) സൗദി റിയാലിലധികം പിഴ ഈടാക്കി.
സൽമൊണല്ല, കാംപിലോബാക്റ്റർ തുടങ്ങിയ മാരകമായ ബാക്ടീരിയകൾ വഴി പടരുന്ന രോഗങ്ങൾ തടയുന്നതിനായി ഇത്തരം പരിശോധനകൾ വർഷം മുഴുവൻ തുടരുമെന്ന് മന്ത്രാലയം അറിയിച്ചു.
യാതൊരുവിധ ശുചിത്വ മാനദണ്ഡങ്ങളും പാലിക്കാത്ത ഇത്തരം കേന്ദ്രങ്ങൾ പൊതുജനാരോഗ്യത്തിന് വലിയ ഭീഷണിയാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.
സൗദി വിഷൻ 2030-ന്റെ ഭാഗമായുള്ള ദേശീയ ഭക്ഷ്യസുരക്ഷാ തന്ത്രത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലുള്ള പരിശോധനകൾ കർശനമാക്കുന്നത്. പൗരന്മാർക്കും താമസക്കാർക്കും സുരക്ഷിതവും ഗുണനിലവാരമുള്ളതുമായ ഭക്ഷണം ഉറപ്പാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
