സൗദിയിലെ ഈ പ്രദേശങ്ങളിൽ നാളെ മുതൽ ശൈത്യതരംഗം; താപനില മൈനസ് ഒന്നിലെത്തും
സൗദി അറേബ്യയിൽ കഠിനമായ ശൈത്യതരംഗം വരാനിരിക്കുന്നതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വക്താവ് ഹുസൈൻ അൽ ഖഹ്താനി മുന്നറിയിപ്പ് നൽകി.
നാളെ മുതൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ താപനില ഗണ്യമായി കുറയുമെന്നും ചിലയിടങ്ങളിൽ മൈനസ് ഒരു ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്തിയേക്കാമെന്നുമാണ് റിപ്പോർട്ട്.
തബൂക്ക്, അൽ-ജൗഫ്, വടക്കൻ അതിർത്തി മേഖല, ഹാഇൽ, മദീനയുടെ വടക്കൻ ഭാഗങ്ങൾ എന്നിവിടങ്ങളിലാണ് തണുപ്പ് ഏറ്റവും കൂടുതൽ അനുഭവപ്പെടുക.
ഈ പ്രദേശങ്ങളിൽ താപനില മൂന്ന് ഡിഗ്രി സെൽഷ്യസിനും മൈനസ് ഒരു ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കുമെന്നും അതിനാൽ പൊതുജനങ്ങൾ ആവശ്യമായ മുൻകരുതലുകൾ എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ശൈത്യതരംഗത്തിന്റെ സ്വാധീനം ഖസീം പ്രവിശ്യയിലേക്കും റിയാദിന്റെയും കിഴക്കൻ പ്രവിശ്യയുടെയും വടക്കൻ ഭാഗങ്ങളിലേക്കും വ്യാപിക്കാൻ സാധ്യതയുണ്ട്.
ഈ മേഖലകളിൽ താപനില നാല് മുതൽ ഒരു ഡിഗ്രി സെൽഷ്യസ് വരെയായി കുറഞ്ഞേക്കാം. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറപ്പെടുവിക്കുന്ന കൃത്യമായ വിവരങ്ങൾ വരും ദിവസങ്ങളിൽ ശ്രദ്ധിക്കണമെന്നും തണുപ്പിനെ പ്രതിരോധിക്കാനുള്ള തയ്യാറെടുപ്പുകൾ നടത്തണമെന്നും വക്താവ് ഓർമ്മിപ്പിച്ചു.
തണുപ്പിനെ പ്രതിരോധിക്കാൻ വീടിനുള്ളിൽ കൽക്കരിയോ വിറകോ ഉപയോഗിച്ച് തീയിടുന്നവർ കാർബൺ മോണോക്സൈഡ് ശ്വസിച്ചുള്ള അപകടങ്ങൾ ഒഴിവാക്കാൻ ആവശ്യമായ വായുസഞ്ചാരം ഉറപ്പുവരുത്തണം.
ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളവരും പ്രായമായവരും കുട്ടികളും തണുപ്പിനെ പ്രതിരോധിക്കാനുള്ള വസ്ത്രങ്ങൾ ധരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
