സൗദിയിൽ അനധികൃത ടാക്സി സർവീസ് നടത്തി പിടിയിലായ പ്രവാസിയെ നാടുകടത്തും; 12,000 റിയാൽ പിഴ ചുമത്തി
സൗദി അറേബ്യയിൽ മതിയായ ലൈസൻസില്ലാതെ സ്വന്തം വാഹനത്തിൽ യാത്രക്കാരെ കയറ്റി അനധികൃത ടാക്സി സർവീസ് നടത്തിയ പ്രവാസി പിടിയിലായി.
അനുമതിയില്ലാതെ ട്രാൻസ്പോർട്ട് മേഖലയിൽ പ്രവർത്തിച്ചതിന് 12,000 സൗദി റിയാൽ പിഴ ചുമത്തി, ഇയാളെ നാടുകടത്തുമെന്ന് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു.
സൗദിയിൽ നിരവധി പേരാണ് സ്വകാര്യ വാഹനമുപയോഗിച്ച് കള്ളടാക്സി എന്ന് മലയാളികൾ വിളിക്കുന്ന അനധികൃത ടാക്സി സർവീസ് നടത്തുന്നത്.
അടുത്തിടെ ട്രാൻസ്‌പോർട്ട് അതോറിറ്റി ഇത്തരം സർവീസുകൾക്കെതിരെ നടപടി ശക്തമാക്കിയതിനെ തുടർന്ന് ഓരോ ആഴ്ചയും നിരവധി പേരാണ് പിടിക്കപ്പെടുന്നത്.
കഴിഞ്ഞ ദിവസം സൗദിയിലുടനീളം അതോറിറ്റി നടത്തിയ പരിശോധനയിൽ സ്വകാര്യ വാഹനങ്ങളും ടാക്‌സികളും പിടിച്ചെടുത്തിരുന്നു.
1446/08/24-ലെ റോഡ് ട്രാൻസ്പോർട്ട് നിയമം അനുസരിച്ചാണ് നടപടി. ലൈസൻസില്ലാത്ത ടാക്സി സർവീസുകൾ തടയുന്നതിനായി സൗദി അറേബ്യ നടപ്പിലാക്കുന്ന കർശന നിയമങ്ങളുടെ ഭാഗമാണിത്.
അംഗീകൃത പ്ലാറ്റ്‌ഫോമുകൾ വഴിയോ ലൈസൻസുള്ള ടാക്സികൾ വഴിയോ അല്ലാതെ യാത്രക്കാരെ കൊണ്ടുപോകുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അതോറിറ്റി ആവർത്തിച്ച് വ്യക്തമാക്കി.
നിയമപരമായ രീതിയിൽ ജോലി ചെയ്യുന്നവരെ സംരക്ഷിക്കുന്നതിനും പൊതുഗതാഗത സംവിധാനത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിനുമാണ് ഈ നടപടികൾ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
