അമേരിക്കൻ സൈനിക നീക്കങ്ങൾക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി ഇറാൻ
അമേരിക്കൻ സൈനിക നീക്കങ്ങൾക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി ഇറാൻ രംഗത്ത്. ഇറാനെതിരെ ഏതെങ്കിലും തരത്തിലുള്ള ആക്രമണം അമേരിക്കയുടെ ഭാഗത്തുനിന്നുണ്ടായാൽ, അതിന് അഭൂതപൂർവമായ തിരിച്ചടി നൽകുമെന്ന് ഐക്യരാഷ്ട്രസഭയിലെ ഇറാൻ ദൗത്യസംഘം വ്യക്തമാക്കി.
അമേരിക്കയുമായുള്ള സംഘർഷം മൂർച്ഛിക്കുന്ന സാഹചര്യത്തിൽ, ബുധനാഴ്ച എക്സ് പ്ലാറ്റ്‌ഫോമിലൂടെയാണ് ഇറാൻ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.
ബഹുമാനത്തിലും പരസ്പര താൽപ്പര്യങ്ങളിലും അധിഷ്ഠിതമായ ചർച്ചകൾക്ക് ഇറാൻ തയ്യാറാണ്. എന്നാൽ, ആക്രമണത്തിലേക്ക് തള്ളിവിടപ്പെട്ടാൽ രാജ്യം സ്വയം പ്രതിരോധിക്കുകയും മുമ്പെങ്ങുമില്ലാത്ത വിധം തിരിച്ചടിക്കുകയും ചെയ്യുമെന്ന് ഇറാൻ ദൗത്യസംഘം അറിയിച്ചു.
ഇറാനെതിരെ ശക്തമായ ഭാഷയിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ഇറാന്റെ പ്രതികരണം. അമേരിക്കയുടെ കൂറ്റൻ നാവിക വ്യൂഹം അതിവേഗത്തിൽ മേഖലയിലേക്ക് നീങ്ങുകയാണെന്ന് ട്രംപ് പ്രഖ്യാപിച്ചു.
വെനസ്വേലയിലേക്ക് മുൻപ് അയച്ചതിനേക്കാൾ വലിയ സൈനിക സന്നാഹമാണ് ഇതെന്നും അദ്ദേഹം തന്റെ ‘ട്രൂത്ത് സോഷ്യൽ’ അക്കൗണ്ടിലൂടെ വ്യക്തമാക്കി.
സൈനിക ഭീഷണി നിലനിൽക്കുമ്പോഴും ചർച്ചകൾക്കുള്ള വാതിൽ ട്രംപ് പൂർണ്ണമായും അടച്ചിട്ടില്ല. ഇറാൻ ചർച്ചാ മേശയിലേക്ക് വരുമെന്ന് താൻ പ്രതീക്ഷിക്കുന്നതായി ട്രംപ് പറഞ്ഞു.
സൈനിക സമ്മർദ്ദം ചെലുത്തുന്നതിനൊപ്പം തന്നെ ഒരു രാഷ്ട്രീയ ഒത്തുതീർപ്പിനുള്ള സാധ്യതയും ട്രംപ് മുന്നോട്ടുവെക്കുന്നുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
