തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിലെ വിവിധ പ്രവിശ്യകളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; റിയാദിലും ഖസീമിലും പൊടിക്കാറ്റ്, കിഴക്കൻ പ്രവിശ്യയിൽ മൂടൽമഞ്ഞ്

സൗദി അറേബ്യയുടെ വിവിധ പ്രവിശ്യകളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

വടക്കൻ അതിർത്തി പ്രവിശ്യകൾ, അൽ-ജൗഫ്, തബൂക്ക്, ഹായിൽ, മദീന, മക്ക, അൽ-ബാഹ എന്നീ മേഖലകളിലെ വിവിധ ഭാഗങ്ങളിലാണ് മഴയ്ക്ക് സാധ്യത കൽപ്പിക്കുന്നത്.

ഇതോടൊപ്പം തന്നെ ഈ പ്രദേശങ്ങളിലും റിയാദ്, ഖസീം പ്രവിശ്യകളിലും ശക്തമായ കാറ്റു വീശാനും അന്തരീക്ഷത്തിൽ പൊടിപടലങ്ങൾ ഉയരാനും സാധ്യതയുണ്ട്.

കിഴക്കൻ പ്രവിശ്യയിലും രാജ്യത്തിന്റെ തെക്കുപടിഞ്ഞാറൻ ഉയർന്ന പ്രദേശങ്ങളിലും പുലർച്ചെ മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുള്ളതായും കാലാവസ്ഥാ റിപ്പോർട്ടിൽ പറയുന്നു.

ചെങ്കടലിൽ കാറ്റിന്റെ ഗതി തെക്കുപടിഞ്ഞാറൻ ദിശയിലായിരിക്കും. വടക്കൻ ഭാഗങ്ങളിലും മധ്യഭാഗങ്ങളിലും കാറ്റിന്റെ വേഗത മണിക്കൂറിൽ 10 മുതൽ 25 കിലോമീറ്റർ വരെയായിരിക്കുമെങ്കിലും തെക്കൻ ഭാഗങ്ങളിൽ ഇത് 45 കിലോമീറ്റർ വരെയാകാൻ സാധ്യതയുണ്ട്.

ബാബ് അൽ-മന്ദബ് കടലിടുക്ക് ഭാഗത്ത് കാറ്റിന്റെ വേഗത മണിക്കൂറിൽ 55 കിലോമീറ്റർ വരെയാകാൻ ഇടയുള്ളതിനാൽ അവിടെ കടൽ പ്രക്ഷുബ്ധമായിരിക്കും.

ചെങ്കടലിന്റെ തെക്കൻ ഭാഗങ്ങളിൽ തിരമാലകൾ രണ്ട് മീറ്റർ വരെയും ബാബ് അൽ-മന്ദബ് ഭാഗത്ത് രണ്ടര മീറ്ററിലധികവും ഉയരാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group