തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

കോടികളുടെ കൈക്കൂലി, ഫണ്ട് തിരിമറി; സൗദിയിൽ മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ അടക്കം നിരവധി പേർ അറസ്റ്റിൽ

സൗദി അറേബ്യയിൽ അഴിമതിക്കും സാമ്പത്തിക ക്രമക്കേടുകൾക്കും എതിരെ ശക്തമായ നടപടികളുമായി അഴിമതി വിരുദ്ധ അതോറിറ്റി (നസാഹ).

വിവിധ സർക്കാർ-സ്വകാര്യ മേഖലകളിലെ ജീവനക്കാരും വിദേശികളുമടക്കം നിരവധി പേരെയാണ് കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ അന്വേഷണങ്ങളിൽ അറസ്റ്റ് ചെയ്തത്.

കോടിക്കണക്കിന് രൂപയുടെ കൈക്കൂലി ഇടപാടുകളും ഫണ്ട് തിരിമറികളുമാണ് നസാഹ പുറത്തുകൊണ്ടുവന്നത്.

ഏറ്റവും വലിയ അഴിമതി കണ്ടെത്തിയത് പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടുമായി (PIF) ബന്ധപ്പെട്ട കമ്പനിയിലാണ്.

കമ്പനിയുടെ സൈറ്റ് നവീകരണ കരാർ നൽകുന്നതിനും സബ് കോൺട്രാക്ട് ജോലികൾ അനുവദിക്കുന്നതിനുമായി രണ്ട് സൗദി പൗരന്മാരിൽ നിന്നും ഒരു വിദേശിയിൽ നിന്നും 21.75 ലക്ഷം റിയാൽ കൈക്കൂലി വാങ്ങിയ പ്രോജക്ട് ഡയറക്ടറെ അധികൃതർ പിടികൂടി.

ഇതിന് പുറമെ ആരോഗ്യ മന്ത്രാലയത്തിലെ ഒരു ജീവനക്കാരൻ 38.4 കോടി റിയാലിന്റെ രണ്ട് വൻകിട പദ്ധതികൾ ഒരു കമ്പനിക്ക് അനുവദിക്കാൻ 1 കോടി റിയാൽ കൈക്കൂലി ആവശ്യപ്പെടുകയും അതിൽ 45 ലക്ഷം റിയാൽ കൈപ്പറ്റുകയും ചെയ്തു.

ഈ തുക മറ്റ് ഉന്നത ഉദ്യോഗസ്ഥർക്ക് വിതരണം ചെയ്തതായും കണ്ടെത്തി. എൻജിനീയറിങ് വിഭാഗം ഡയറക്ടർ, അസിസ്റ്റന്റ്, ബിഡ് റിവ്യൂ കമ്മിറ്റി തലവൻ എന്നിവരെയും ഈ കേസിൽ അറസ്റ്റ് ചെയ്തു.

മറ്റ് പ്രധാന കേസുകളിൽ പോലീസ് സ്റ്റേഷനിൽ നിന്ന് 21.6 ലക്ഷം റിയാൽ അപഹരിച്ച വിരമിച്ച ഉദ്യോഗസ്ഥൻ, സുരക്ഷാ വീഴ്ചകൾ കണ്ടില്ലെന്ന് നടിക്കാൻ കൈക്കൂലി വാങ്ങിയ സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥൻ, ഒരു വിദേശിയിൽ നിന്ന് 14 ലക്ഷം റിയാൽ മോഷ്ടിച്ച സൈനികൻ എന്നിവരും ഉൾപ്പെടുന്നു.

ജനന സർട്ടിഫിക്കറ്റുകളും തിരിച്ചറിയൽ കാർഡുകളും നിയമവിരുദ്ധമായി നൽകാൻ 8.5 ലക്ഷം റിയാൽ കൈക്കൂലി വാങ്ങിയ സിവിൽ സ്റ്റാറ്റസ് ജീവനക്കാരെയും നസാഹ പിടികൂടി.

മുനിസിപ്പൽ അതോറിറ്റികളിലും പരിസ്ഥിതി-കൃഷി മന്ത്രാലയത്തിലും നടന്ന ക്രമക്കേടുകളും അന്വേഷണത്തിൽ തെളിഞ്ഞു.

ഭൂമി തരംമാറ്റുന്നതിനും കെട്ടിട നിർമ്മാണ പെർമിറ്റുകൾ നൽകുന്നതിനും കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥരും കന്നുകാലി വളർത്തൽ സഹായ പദ്ധതിയിൽ വ്യാജരേഖ ചമച്ചവരും പിടിയിലായവരിൽ പെടുന്നു.

ജോലിക്ക് ഹാജരാകാതെ തന്നെ കരാർ കമ്പനികളിൽ തന്റെ ഭാര്യയ്ക്ക് ശമ്പളം ഉറപ്പാക്കിയ ഒരു റീജിയണൽ അതോറിറ്റി ജീവനക്കാരനും നടപടി നേരിടുന്നുണ്ട്.

ഔദ്യോഗിക പദവികൾ ദുരുപയോഗം ചെയ്യുന്നവർക്കും പൊതുപണം അപഹരിക്കുന്നവർക്കും എതിരെ ഒരു ദാക്ഷിണ്യവുമില്ലാതെ നടപടി തുടരുമെന്നും ഇത്തരം കുറ്റകൃത്യങ്ങൾക്ക് സൗദി നിയമപ്രകാരം കാലാവധി നിശ്ചയിച്ചിട്ടില്ലെന്നും നസാഹ വ്യക്തമാക്കി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group