തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

തഫ്‌ഹീത്ത് നടത്തിയാൽ 60,000 റിയാൽ വരെ പിഴ; കർശന മുന്നറിയിപ്പുമായി സൗദി ട്രാഫിക് വകുപ്പ്

റിയാദ്: റോഡുകളിൽ അശ്രദ്ധമായും അപകടകരമായും വാഹനമോടിക്കുന്നവർക്കെതിരെ കർശന മുന്നറിയിപ്പുമായി സൗദി ട്രാഫിക് വകുപ്പ് (മുറൂർ).

‘തഫ്ഹീത്’ അഥവാ അമിതവേഗതയിൽ വാഹനം വെട്ടിച്ചും കറക്കിയുമുള്ള സാഹസിക അഭ്യാസപ്രകടനങ്ങൾ നടത്തുന്നവർക്ക് കനത്ത പിഴയും തടവുശിക്ഷയും ലഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

സൗദി അറേബ്യയിലെ ഗതാഗത നിയമപ്രകാരം അതിഗൗരവമുള്ള നിയമലംഘനമായാണ് തഫ്ഹീതിനെ കണക്കാക്കുന്നത്. ഈ കുറ്റത്തിന് പിടിക്കപ്പെടുന്നവർക്ക് കനത്ത പിഴ ചുമത്തുമെന്ന് മുറൂർ അറിയിച്ചു.

ആദ്യ തവണ പിടിക്കപ്പെട്ടാൽ 20,000 റിയാൽ പിഴയും വാഹനം 15 ദിവസത്തേക്ക് കണ്ടുകെട്ടുകയും ചെയ്യും. ഇതിനുപുറമെ കേസ് കോടതിയിലേക്ക് റഫർ ചെയ്യും.

രണ്ടാം തവണ ഇതേ കേസിന് പിടിക്കപ്പെട്ടാൽ പിഴ 40,000 റിയാലായി ഉയരും. വാഹനം ഒരു മാസത്തേക്ക് കണ്ടുകെട്ടുകയും തടവുശിക്ഷയ്ക്ക് ശുപാർശ ചെയ്യുകയും ചെയ്യും.

മൂന്നാം തവണയും കുറ്റം ആവർത്തിച്ചാൽ പിഴ 60,000 റിയാൽ വരെയാകാം. കൂടാതെ വാഹനം സ്ഥിരമായി കണ്ടുകെട്ടുന്നതടക്കമുള്ള കർശന നടപടികൾ കോടതിയുടെ ഭാഗത്തുനിന്നുണ്ടാകും.

ഇത്തരം പ്രവണതകൾ റോഡ് സുരക്ഷയ്ക്ക് ഭീഷണിയാണെന്നും മറ്റുള്ളവരുടെ ജീവനും സ്വത്തിനും അപകടമുണ്ടാക്കുന്ന വിവേകശൂന്യമായ പെരുമാറ്റമാണിതെന്നും ട്രാഫിക് വകുപ്പ് ഓർമ്മിപ്പിച്ചു.

ഇത്തരം സാഹസിക പ്രകടനങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നും ഗതാഗത നിയമങ്ങൾ പൂർണ്ണമായും പാലിച്ചുകൊണ്ട് സുരക്ഷിതമായ ഡ്രൈവിംഗ് സംസ്കാരം വളർത്തിയെടുക്കണമെന്നും വാഹന ഉടമകളോട് ട്രാഫിക് വിഭാഗം അഭ്യർത്ഥിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group