Friday, March 6, 2026
Middle EastSaudi ArabiaTop Stories

മരണത്തിന്റെ വിത്തുകൾ പിഴുതെറിയുന്നു; മാനുഷിക സേവനത്തിന്റെ പുതിയ മാതൃകയാകുന്ന യെമനിലെ മസാം പദ്ധതി

യമനിലെ ജനവാസമേഖലകളിൽ യുദ്ധാവശിഷ്ടങ്ങളായി ഒളിഞ്ഞിരിക്കുന്ന മരണക്കെണികളെ തുടച്ചുനീക്കിക്കൊണ്ട് മാനുഷിക സേവനത്തിന്റെ ഉദാത്തമായ മാതൃകയാവുകയാണ് സൗദി അറേബ്യയുടെ ‘മസാം’ (Masam) പദ്ധതി.

വകതിരിവില്ലാതെ മണ്ണിൽ കുഴിച്ചിട്ടിരിക്കുന്ന ഈ കുഴിബോംബുകൾ ഏറ്റവും കൂടുതൽ ഭീഷണിയുയർത്തുന്നത് നിഷ്കളങ്കരായ കുട്ടികൾക്കും, സ്ത്രീകൾക്കും, വയോധികർക്കുമാണ്.

ഇവരുടെ ജീവനും സുരക്ഷയും മുൻനിർത്തി, ഓരോ മണ്ണുതരിയും പരിശോധിച്ചുകൊണ്ട് സ്ഫോടകവസ്തുക്കൾ പിഴുതെറിയുന്ന ഈ ദൗത്യം യമൻ ജനതയ്ക്ക് പുതിയൊരു ജീവിതപ്രതീക്ഷയാണ് നൽകുന്നത്.

മസാം പദ്ധതിയിലൂടെ ജനുവരിയിൽ 7,554 സ്ഫോടകവസ്തുക്കൾ വീണ്ടെടുത്ത് നശിപ്പിച്ചു. ജനുവരി അവസാന വാരത്തിൽ മാത്രം 2,692 സ്ഫോടകവസ്തുക്കളാണ് നീക്കം ചെയ്തതതെന്ന് കെഇസ്എ റിലീഫ് അറിയിച്ചു.

12 ആന്റി പേഴ്‌സണൽ മൈനുകൾ, 70 ആന്റി ടാങ്ക് മൈനുകൾ, 2,602 പൊട്ടിത്തെറിക്കാത്ത സ്ഫോടകവസ്തുക്കൾ, 8 ഐഇഡി എന്നിവയാണ് അവസാന വാരത്തിൽ നടത്തിയ തിരച്ചിലിൽ കണ്ടെത്തിയത്.

അൽ ഹുദൈദ, ഹളർമൗത്ത്, ഹജ്ജ, ലഹജ്, ശബുവ, തൈസ് തുടങ്ങിയ ഗവർണറേറ്റുകളിലായിരുന്നു പ്രധാനമായും പരിശോധന നടന്നത്. ഇതിൽ ഹളർമൗത്തിലെ അൽ മുകല്ല ജില്ലയിൽ നിന്ന് മാത്രം 2,215 പൊട്ടിത്തെറിക്കാത്ത സ്ഫോടകവസ്തുക്കൾ സംഘം വീണ്ടെടുത്തു.

മസാം പദ്ധതി ആരംഭിച്ചതുമുതൽ ഇതുവരെ യെമനിലുടനീളം 5,37,505 സ്ഫോടകവസ്തുക്കൾ നീക്കം ചെയ്യാൻ സാധിച്ചിട്ടുണ്ട്. സാധാരണക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും രാജ്യത്ത് സ്ഥിരത കൊണ്ടുവരുന്നതിനും സൗദി അറേബ്യ പ്രതിജ്ഞാബദ്ധമാണെന്ന് അധികൃതർ അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa