Friday, March 6, 2026
Saudi ArabiaTop Stories

സൗദിയിൽ ഒരു മാസത്തിനിടെ 4 ലക്ഷം പരിശോധനകൾ; ആയിരത്തിലധികം വാഹനങ്ങൾ ട്രാൻസ്‌പോർട്ട് അതോറിറ്റി പിടികൂടി

സൗദിയിൽ ജനറൽ ട്രാൻസ്‌പോർട്ട് അതോറിറ്റി ജനുവരി മാസത്തിൽ നടത്തിയ വിപുലമായ പരിശോധനകളുടെ കണക്കുകൾ പുറത്തുവിട്ടു.

കര, കടൽ, റെയിൽ ഗതാഗത മേഖലകളിലായി ആകെ 4,37,735 പരിശോധനകളാണ് അധികൃതർ നടത്തിയത്.
ഇതിൽ 4,30,066 പരിശോധനകളും റോഡ് ഗതാഗത മേഖലയിലാണ്.

പരിശോധനയിൽ 90,281 നിയമലംഘനങ്ങൾ കണ്ടെത്തുകയും നിയമങ്ങൾ പാലിക്കാത്ത 1,045 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. 93 ശതമാനമാണ് ഈ മേഖലയിലെ നിയമപാലന നിരക്ക്.

സൗദിയിലെ പ്രവിശ്യകൾ തിരിച്ചുള്ള കണക്കെടുത്താൽ നിയമലംഘനങ്ങളിൽ മക്കയാണ് ഒന്നാമത് (30,354 ലംഘനങ്ങൾ). റിയാദിൽ 24,831-ഉം കിഴക്കൻ പ്രവിശ്യയിൽ 11,301-ഉം ലംഘനങ്ങൾ രേഖപ്പെടുത്തി. മദീന (6,039), അസീർ (4,032) എന്നിവിടങ്ങളാണ് തൊട്ടുപിന്നാലെയുള്ളത്.

വാഹനങ്ങളുടെയും ചരക്കുകളുടെയും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതിരിക്കുക, കാലാവധിയുള്ള ഡ്രൈവിംഗ് ലൈസൻസ് ഇല്ലാതെ സർവീസ് നടത്തുക, റദ്ദാക്കിയ ലൈസൻസ് ഉപയോഗിച്ച് വാഹനങ്ങൾ ഓടിക്കുക എന്നിവയാണ് പ്രധാനമായും കണ്ടെത്തിയത്.

ഇതിനുപുറമെ, സ്വന്തം സ്വകാര്യ വാഹനങ്ങൾ ഉപയോഗിച്ച് ലൈസൻസില്ലാതെ നിയമവിരുദ്ധമായി ടാക്സി സർവീസ് നടത്തിയ വ്യക്തികൾക്കെതിരെയും കടുത്ത നടപടിയെടുത്തു.

കടൽ ഗതാഗതത്തിൽ 7,574 പരിശോധനകൾ നടത്തി (99% നിയമപാലനം). റെയിൽവേ മേഖലയിൽ 95 പരിശോധനകൾ നടന്നപ്പോൾ നിയമലംഘനങ്ങളൊന്നും കണ്ടെത്താനായില്ല (100% നിയമപാലനം).

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa