Friday, March 6, 2026
Saudi ArabiaTop Stories

ജിദ്ദയിൽ 5 ടൺ പഴകിയ ഭക്ഷണസാധനങ്ങൾ പിടികൂടി നശിപ്പിച്ചു; 4 സ്ഥാപനങ്ങൾ നഗരസഭ പൂട്ടി സീൽ ചെയ്തു

ജിദ്ദയിൽ നഗരസഭ നടത്തിയ വ്യാപകമായ പരിശോധനയിൽ അഞ്ച് ടണ്ണോളം കേടായ ഇറച്ചിയും വിവിധ തരത്തിലുള്ള പഴകിയ ഭക്ഷണസാധനങ്ങളും നഗരസഭ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.

നിയമലംഘനം നടത്തിയ നാല് സ്ഥാപനങ്ങൾ നഗരസഭ ഉദ്യോഗസ്ഥർ പൂട്ടി സീൽ ചെയ്തു. കെട്ടിടത്തിനുള്ളിലുണ്ടായിരുന്ന അഞ്ഞൂറോളം ഉപകരണങ്ങളും ഫർണിച്ചറുകളും അധികൃതർ കണ്ടുകെട്ടിയിട്ടുണ്ട്.

ജനവാസ കേന്ദ്രങ്ങളിലെ കെട്ടിടത്തിനുള്ളിൽ അത്യന്തം വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ചിരുന്ന ഇറച്ചി സംസ്‌കരണ കേന്ദ്രവും കഫേയും അധികൃതർ റെയ്ഡ് ചെയ്തു.

ഈച്ചകളും പ്രാണികളും നിറഞ്ഞ പരിസരത്താണ് വിപണിയിൽ എത്തിക്കാനുള്ള ഇറച്ചിയും മറ്റ് ഭക്ഷണസാധനങ്ങളും സൂക്ഷിച്ചിരുന്നത്.

മനുഷ്യോപയോഗത്തിന് യോഗ്യമല്ലാത്ത രീതിയിൽ സൂക്ഷിച്ച വലിയ അളവിലുള്ള ഇറച്ചിയും കബാബ് നിർമ്മാണത്തിന് ഉപയോഗിക്കുന്ന സ്റ്റിക്സുകളും ഇതിൽ ഉൾപ്പെടുന്നു.

കൂടാതെ കാലാവധി കഴിഞ്ഞതും ഗുണനിലവാരമില്ലാത്തതുമായ 5 ടൺ ഭക്ഷണസാധനങ്ങളാണ് നശിപ്പിച്ചത്. ലൈസൻസില്ലാതെ പ്രവർത്തിച്ചിരുന്ന കഫേകളും പുകയില ഉൽപ്പന്നങ്ങൾ നിയമവിരുദ്ധമായി വിറ്റിരുന്ന കേന്ദ്രങ്ങളും പരിശോധനയിൽ അധികൃതർ കണ്ടെത്തി.

നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് കൂട്ടുനിന്ന കെട്ടിട ഉടമകൾക്കെതിരെയും കർശന നിയമനടപടികൾ സ്വീകരിക്കും. സകാത്ത് ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി, വാണിജ്യ മന്ത്രാലയം എന്നിവയുടെ സഹകരണത്തോടെയായിരുന്നു ഈ ഏകോപിത പരിശോധന നടന്നത്.

റമദാനിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് ജിദ്ദയുടെ തെക്കൻ മേഖലയിൽ പ്രവർത്തിച്ചിരുന്ന അനധികൃത കേന്ദ്രങ്ങളിൽ നിന്ന് പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തത്.

പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്ന ഇത്തരം പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ 940 എന്ന നമ്പറിലോ ‘ബലദി’ ആപ്പ് വഴിയോ പരാതിപ്പെടണമെന്ന് ജിദ്ദ നഗരസഭ അഭ്യർത്ഥിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa