Friday, March 6, 2026
Middle EastSaudi ArabiaTop Stories

ഫലസ്തീനിൽ ‘അറേ മദീന’ പ്രഖ്യാപനവുമായി ഇസ്രായേൽ; സമാധാന സാധ്യതകൾ തകർക്കുന്ന നീക്കത്തിനെതിരെ സൗദിയും യുഎഇ യുമടക്കമുള്ള വിവിധ രാജ്യങ്ങൾ

വെസ്റ്റ് ബാങ്കിലെ ഫലസ്തീൻ ഭൂമിയെ അറേ മദീനയായി പ്രഖ്യാപിക്കാനുള്ള ഇസ്രായേൽ നീക്കത്തിനെതിരെ സൗദി അറേബ്യയുൾപ്പെടെയുള്ള എട്ട് പ്രമുഖ രാജ്യങ്ങൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി.

സൗദി അറേബ്യ, ജോർദാൻ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ), ഖത്തർ, ഈജിപ്ത്, ഇന്തോനേഷ്യ, പാകിസ്ഥാൻ, തുർക്കി എന്നീ രാജ്യങ്ങളാണ് ഇസ്രായേലിന്റെ നിയമവിരുദ്ധമായ ഈ നടപടിക്കെതിരെ പ്രധിഷേധവുമായിരംഗത്ത് വന്നത്..

1967-ന് ശേഷം ആദ്യമായാണ് വെസ്റ്റ് ബാങ്കിലെ ഭൂമി ഇത്തരത്തിൽ വ്യാപകമായി കൈവശപ്പെടുത്താനും ഉടമസ്ഥാവകാശം മാറ്റാനുമുള്ള നടപടികളുമായി ഇസ്രായേൽ മുന്നോട്ട് പോകുന്നത്. ഇത് അന്താരാഷ്ട്ര നിയമങ്ങളുടെയും നാലാം ജനീവ കൺവെൻഷന്റെയും നഗ്നമായ ലംഘനമാണെന്ന് വിദേശകാര്യ മന്ത്രിമാർ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ പ്രമേയം 2334-നെ ഇസ്രായേൽ വെല്ലുവിളിക്കുകയാണെന്നും, നിയമവിരുദ്ധമായ പാർപ്പിട നിർമ്മാണങ്ങൾ വേഗത്തിലാക്കാനും ഫലസ്തീൻ ഭൂമിയിൽ ഇസ്രായേലിന്റെ പരമാധികാരം അടിച്ചേൽപ്പിക്കാനുമാണ് ഈ നീക്കം ലക്ഷ്യമിടുന്നതെന്നും അവർ കുറ്റപ്പെടുത്തി.

സ്വതന്ത്രമായ ഒരു ഫലസ്തീൻ രാജ്യം എന്ന സ്വപ്നത്തെയും ‘ടു-സ്റ്റേറ്റ് സൊല്യൂഷൻ’ എന്ന നയത്തെയും ഈ നടപടി പൂർണ്ണമായും തകർക്കുന്നു. ഫലസ്തീൻ ഭൂമിയിലെ നിയമവിരുദ്ധമായ ഇത്തരം മാറ്റങ്ങൾ പാടില്ലെന്ന അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ (ICJ) നിർദ്ദേശത്തിന് വിരുദ്ധമായ ഈ നീക്കം മേഖലയിലെ സമാധാന സാധ്യതകളെ അപകടത്തിലാക്കും.

അതിനാൽ ഫലസ്തീൻ ജനതയുടെ അവകാശങ്ങൾ സംരക്ഷിക്കാനും ഈ അതിക്രമങ്ങൾ തടയാനും അന്താരാഷ്ട്ര സമൂഹം ഉടനടി ഇടപെടണമെന്ന് എട്ടു രാജ്യങ്ങളും സംയുക്തമായി ആവശ്യപ്പെട്ടു.

1967-ലെ അതിർത്തികൾ അടിസ്ഥാനമാക്കി, കിഴക്കൻ ജറുസലേം തലസ്ഥാനമായി സ്വതന്ത്ര ഫലസ്തീൻ രാജ്യം സ്ഥാപിച്ച് അധിനിവേശം അവസാനിപ്പിക്കണമെന്നും അവർ ആവർത്തിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa