സൗദിയിൽ സ്വകാര്യ വാഹനം ഉപയോഗിച്ച് അനധികൃത ടാക്സി സർവീസ് നടത്തിയ രണ്ട് വിദേശികളെ നാട് കടത്തി
സൗദി അറേബ്യയിൽ ലൈസൻസില്ലാതെ നിയമവിരുദ്ധമായി ടാക്സി സർവീസ് നടത്തിയ രണ്ട് വിദേശികളെ ട്രാൻസ്പോർട്ട് ജനറൽ അതോറിറ്റി പിടികൂടി നാടുകടത്തി.
അംഗീകൃത ലൈസൻസില്ലാതെ അനധികൃത ടാക്സി സർവീസ് നടത്തിയ രണ്ട് പേരെയാണ് 12,000 റിയാൽ പിഴ ചുമത്തിയ ശേഷം, രാജ്യാന്തര നിയമങ്ങൾ ലംഘിച്ചതിന്റെ പേരിൽ നാടുകടത്തിയതെന്നും അധികൃതർ അറിയിച്ചു.
ട്രാൻസ്പോർട്ട് അതോറിറ്റി നടത്തിയ ഫീൽഡ് പരിശോധനക്കിടെയാണ് നിയമലംഘകർ വലയിലായത്. സൗദിയിലെ ലാൻഡ് ട്രാൻസ്പോർട്ട് നിയമപ്രകാരം ലൈസൻസില്ലാതെ യാത്രക്കാരെ കയറ്റുന്നതും ഗതാഗത സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നതും കുറ്റകരമാണ്.
യാത്രക്കാരെ നേരിട്ട് വിളിച്ചു വരുത്തുകയോ, പിന്തുടരുകയോ ചെയ്യുന്നത് നിയമവിരുദ്ധമാണ്. ബസ് സ്റ്റാൻഡുകളിലും പൊതുസ്ഥലങ്ങളിലും യാത്രക്കാരെ തേടി നിയമവിരുദ്ധമായി സംഘം ചേരുന്നതും ശിക്ഷാർഹമാണ്.
ഇത്തരത്തിൽ പിടിയിലാകുന്ന വിദേശികൾക്കെതിരെ പിഴയും വാഹനം കണ്ടുകെട്ടലും കൂടാതെ നാടുകടത്തൽ നടപടികളും ഉണ്ടാകുമെന്ന് അധികൃതർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
രാജ്യത്തുടനീളം പരിശോധനകൾ തുടരുമെന്നും, നിയമവിരുദ്ധമായി പ്രവർത്തിക്കുന്നവർ യാത്രക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും, ഇത് ഗതാഗത മേഖലയിലെ ഗുണനിലവാരത്തെ ബാധിക്കുമെന്നും ടിജിഎ ചൂണ്ടിക്കാട്ടി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
