Sunday, March 8, 2026
Middle EastSaudi ArabiaTop Stories

ഡിമോണ റിയാക്ടർ ആക്രമിക്കുമെന്ന ഇറാന്റെ ഭീഷണി; സൗദി അറേബ്യയെ ബാധിക്കുമോ?

അമേരിക്കയും ഇസ്രായേലും ചേർന്ന് ഇറാൻ ഭരണകൂടത്തെ അസ്ഥിരപ്പെടുത്താൻ ശ്രമിച്ചാൽ ഡിമോണ ആണവനിലയം ആക്രമിക്കുമെന്ന ഇറാന്റെ ഭീഷണി പശ്ചിമേഷ്യയിൽ വലിയ ആശങ്കയ്ക്ക് വഴിയൊരുക്കുന്നു.

ഡിമോണ ആണവനിലയവും ഇസ്രായേലിലെ ഊർജ്ജ കേന്ദ്രങ്ങളും തകർക്കുമെന്ന ഇറാന്റെ മുന്നറിയിപ്പ് കേവലം ഒരു സൈനിക നീക്കം എന്നതിലുപരി വൻതോതിലുള്ള പരിസ്ഥിതി-മനുഷ്യത്വ ദുരന്തത്തിന് കാരണമായേക്കാമെന്ന് വിദഗ്ധർ ഭയപ്പെടുന്നു.

തെക്കൻ ഇസ്രായേലിലെ നെഗേവ് മരുഭൂമിയിൽ സ്ഥിതി ചെയ്യുന്ന ഡിമോണ ആണവനിലയം ഇസ്രായേലിന്റെ ഏറ്റവും തന്ത്രപ്രധാനമായ കേന്ദ്രങ്ങളിലൊന്നാണ്. ഇസ്രായേലിന്റെ ആണവ പദ്ധതിയുടേയും ആയുധശേഖരത്തിന്റേയും നട്ടെല്ലായിട്ടാണ് ഈ നിലയം കണക്കാക്കപ്പെടുന്നത്.

ഒരു ആണവനിലയത്തിന് നേരെ ആക്രമണമുണ്ടായാൽ അത് കെട്ടിടത്തിന്റെ തകർച്ചയിൽ മാത്രം അവസാനിക്കില്ല. അന്തരീക്ഷത്തിലേക്കും മണ്ണിലേക്കും ജലത്തിലേക്കും റേഡിയോ ആക്ടീവ് പദാർത്ഥങ്ങൾ പടരാൻ ഇത് കാരണമാകും.

ഉക്രെയ്നിലെ ചെർണോബിൽ ദുരന്തം പോലെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് ഇത്തരം സംഭവങ്ങൾ ഉണ്ടാക്കുക. വായുവിലൂടെ റേഡിയോ ആക്ടീവ് കണികകൾ സഞ്ചരിക്കുന്നത് സമീപ രാജ്യങ്ങളിലെ ജനങ്ങളുടെ ആരോഗ്യത്തെയും കൃഷിയെയും ഗുരുതരമായി ബാധിക്കും.

ഡിമോണയിലെ ചോർച്ച മറ്റ് ഗൾഫ് രാജ്യങ്ങളെ ബാധിക്കുമോ എന്ന കാര്യത്തിൽ സുരക്ഷാ വിദഗ്ധർക്ക് വ്യക്തമായ നിരീക്ഷണങ്ങളുണ്ട്. എങ്കിലും, മിക്ക സാഹചര്യങ്ങളിലും സൗദി അറേബ്യയെ ഇത് നേരിട്ട് ബാധിക്കാനുള്ള സാധ്യത വളരെ കുറവാണെന്നാണ് ഇവരുടെ അഭിപ്രായം.

ഡിമോണയും സൗദി അതിർത്തിയും തമ്മിലുള്ള വലിയ ദൂരം റേഡിയോ ആക്ടീവ് കണികകളുടെ ആഘാതം കുറയ്ക്കാൻ സഹായിക്കും. മേഖലയിലെ വായുപ്രവാഹത്തിന്റെ ഗതി സാധാരണഗതിയിൽ ഗൾഫ് രാജ്യങ്ങൾക്ക് എതിർദിശയിലേക്കാണ്. ഇത് റേഡിയോ ആക്ടീവ് കണികകൾ സൗദി ഭാഗത്തേക്ക് എത്തുന്നതിനെ തടയും.

അന്തരീക്ഷത്തിലൂടെയുള്ള റേഡിയോ ആക്ടീവ് കണികകളുടെ സാന്ദ്രത ദൂരം കൂടുംതോറും കുറഞ്ഞുവരും. അതിനാൽ തന്നെ സൗദി അറേബ്യ പോലുള്ള വിദൂര സ്ഥലങ്ങളിൽ ഇത് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കില്ല.

എങ്കിലും, ഏതെങ്കിലും തരത്തിലുള്ള ആണവ ദുരന്തമുണ്ടായാൽ അത് പ്രദേശികമായി വലിയ ആഘാതമുണ്ടാക്കുമെന്നും പരിസ്ഥിതിക്ക് കനത്ത നാശമുണ്ടാക്കുമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa