ലെബനനിൽ ഹിസ്ബുള്ളയുടെ മിന്നലാക്രമണത്തിൽ രണ്ട് ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇസ്രായേൽ
ദക്ഷിണ ലെബനനിലെ സൈനിക പോസ്റ്റിന് സമീപം ഹിസ്ബുള്ള നടത്തിയ ആക്രമണത്തിൽ രണ്ട് ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടതായി ഐഡിഎഫ് അറിയിച്ചു. ഇസ്രായേൽ അതിർത്തി ഗ്രാമമായ മനാരയ്ക്ക് അഭിമുഖമായി ലെബനീസ് അതിർത്തിക്കുള്ളിലാണ് സംഭവം നടന്നത്.
ഐഡിഎഫിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പ്രകാരം, മേഖലയിൽ സൈനിക നീക്കം നടത്തുന്നതിനിടെ ഇസ്രായേലിന്റെ ഒരു പ്യൂമ കവചിത വാഹനം കുടുങ്ങിപ്പോയിരുന്നു. ഇത് വീണ്ടെടുക്കുന്നതിനായി മറ്റൊരു പ്യൂമ വാഹനവും രണ്ട് ഡി9 (D9) ആർമേർഡ് ബുൾഡോസറുകളും സൈന്യം സ്ഥലത്തെത്തിച്ചു.
ഈ രക്ഷാപ്രവർത്തനത്തിനിടെയാണ് ഡി9 ബുൾഡോസറുകളിൽ ഒന്നിന് നേരെ ഹിസ്ബുള്ളയുടെ ആക്രമണം ഉണ്ടായത്. ടാങ്ക് വിരുദ്ധ മിസൈലോ അല്ലെങ്കിൽ മോർട്ടാർ ഷെല്ലോ ആണ് ആക്രമണത്തിന് ഉപയോഗിച്ചതെന്നാണ് കരുതുന്നത്.
ആക്രമണത്തിൽ ബുൾഡോസറിന് തീപിടിക്കുകയും വാഹനത്തിനുള്ളിലുണ്ടായിരുന്ന രണ്ട് സൈനികർ കൊല്ലപ്പെടുകയുമായിരുന്നു. സംഭവത്തിൽ ഒരു ഇസ്രായേൽ ഓഫീസർക്ക് നിസാരമായി പരിക്കേറ്റിട്ടുണ്ട്.
മേഖലയിൽ ഹിസ്ബുള്ളയും ഇസ്രായേൽ സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടൽ അതിരൂക്ഷമായി തുടരുകയാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
