Tuesday, March 10, 2026
Middle EastTop Stories

ഇസ്രായേലിൽ ഇറാന്റെ മിസൈൽ-ഡ്രോൺ വർഷം തുടരുന്നു; പരിക്കേറ്റവരുടെ എണ്ണം 2,100 കടന്നു; നിരത്തുകൾ വിജനം

ഇസ്രായേലിന് നേരെ ഇറാന്റെ പ്രത്യാക്രമണം അതിശക്തമായി തുടരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇറാൻ തൊടുത്തുവിട്ട മിസൈലുകളും ഡ്രോണുകളും ഇസ്രയേലിലെ ജനവാസ മേഖലകളിലുണ്ടാക്കിയ ആഘാതം വലുതാണ്.

ലഭ്യമായ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ആക്രമണങ്ങളിൽ പരിക്കേറ്റ ഇസ്രയേലികളുടെ എണ്ണം 2,100 കടന്നു. ഇറാൻ വിക്ഷേപിച്ച ബാലസ്റ്റിക് മിസൈലുകളിൽ പലതും ഇസ്രയേലിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങളെ മറികടന്ന് ലക്ഷ്യസ്ഥാനങ്ങളിൽ പതിച്ചതായാണ് റിപ്പോർട്ടുകൾ.

2,142 പേർക്ക് ഇതുവരെ പരിക്കേറ്റതായാണ് അനൗദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതിൽ പലരുടെയും പരിക്ക് ഗുരുതരമാണ്.

സിവിൽ മേഖലകളിലുണ്ടായ ആക്രമണങ്ങളിൽ ഇതുവരെ 16 സിവിലിയന്മാരും 2 സൈനികരും കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്.

ടെൽ അവീവ്, ബെയ്റ്റ് ഷെമേഷ് തുടങ്ങിയ നഗരങ്ങളിൽ മിസൈൽ പതിച്ച് നിരവധി കെട്ടിടങ്ങൾ തകരുകയും വാഹനങ്ങൾ അഗ്നിക്കിരയാകുകയും ചെയ്തു.

തുടർച്ചയായ സൈറണുകളും മിസൈൽ ഭീഷണിയും കാരണം ഇസ്രയേലിലെ സാധാരണ ജീവിതം പൂർണ്ണമായും തടസ്സപ്പെട്ടിരിക്കുകയാണ്.

ആക്രമണ ഭീതിയെത്തുടർന്ന് ജനങ്ങൾ വീടിനുള്ളിലും സുരക്ഷിത താവളങ്ങളിലും അഭയം പ്രാപിച്ചിരിക്കുകയാണ്. പ്രധാന നഗരങ്ങളിലെ നിരത്തുകളിൽ വാഹനങ്ങളോ ആളുകളോ ഇല്ലാത്ത അവസ്ഥയാണ്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa