Wednesday, March 11, 2026
Saudi ArabiaTop Stories

ഹോർമുസ് പ്രതിസന്ധി ഭീകരമായ പ്രത്യാഘാതങ്ങളുണ്ടാക്കും; മുന്നറിയിപ്പുമായി സൗദി അരാംകോ പ്രസിഡന്റ്

ഹോർമുസ് കടലിടുക്ക് ദീർഘകാലം അടച്ചിടുന്നത് ആഗോള എണ്ണ വിപണിയിൽ അതിഭീകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് സൗദി അരാംകോ പ്രസിഡന്റും സിഇഒയുമായ അമീൻ നാസർ മുന്നറിയിപ്പ് നൽകി.

ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം തടസ്സപ്പെടുന്നത് തുടർന്നാൽ ആഗോള സമ്പദ്‌വ്യവസ്ഥ നേരിടേണ്ടി വരുന്നത് ചിന്തിക്കാവുന്നതിലും അപ്പുറമുള്ള പ്രത്യാഘാതങ്ങളായിരിക്കും.

ഷിപ്പിംഗ്, ഇൻഷുറൻസ് മേഖലകളെ മാത്രമല്ല ഇത് ബാധിക്കുക; വ്യോമയാനം, കൃഷി, ഓട്ടോമോട്ടീവ് തുടങ്ങി എല്ലാ വ്യവസായങ്ങളെയും ഇത് തളർത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി.

മേഖലയിലെ എണ്ണ-വാതക വ്യവസായം ഇന്നുവരെ നേരിട്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ പ്രതിസന്ധിയാണ് ഇത്. നിലവിൽ ആഗോളതലത്തിലുള്ള എണ്ണ ശേഖരം കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണെന്ന് അമീൻ നാസർ ചൂണ്ടിക്കാട്ടി.

നിലവിലെ പ്രതിസന്ധി തുടർന്നാൽ ഈ ശേഖരം അതിവേഗം ഇല്ലാതാകാൻ കാരണമാകും. അതിനാൽ ഹോർമുസ് കടലിടുക്കിലൂടെയുള്ള ഷിപ്പിംഗ് പുനരാരംഭിക്കുന്നത് ലോകത്തിന് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

യുദ്ധസമാനമായ സാഹചര്യം തുടരുന്നത് എണ്ണ വിപണിയിൽ വലിയ അനിശ്ചിതത്വമാണ് ഉണ്ടാക്കുന്നത്. ഇതിനോടകം തന്നെ ആഗോളതലത്തിൽ ഇന്ധന വിലയിൽ വർദ്ധനവുണ്ടായിട്ടുണ്ട്.

ഇറാൻ നടത്തിയ ആക്രമണത്തെത്തുടർന്ന് റാസ് തനൂറ റിഫൈനറിയിൽ ചെറിയ രീതിയിൽ തീപിടുത്തം ഉണ്ടായെങ്കിലും അത് ഉടൻ തന്നെ നിയന്ത്രണവിധേയമാക്കി. നിലവിൽ റിഫൈനറിയുടെ പ്രവർത്തനം പുനരാരംഭിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa