ഇസ്രായേൽ യുദ്ധവിമാനങ്ങളെ തടയാൻ ദശലക്ഷക്കണക്കിന് പക്ഷികളെത്തുന്നു; വിമാനങ്ങൾ തകരാൻ സാധ്യത, പൈലറ്റുമാർക്ക് മുന്നറിയിപ്പ്
പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കെ, ഇസ്രായേൽ സൈന്യത്തിന് വെല്ലുവിളിയായിക്കൊണ്ട് യുദ്ധവിമാനങ്ങൾക്ക് തടസ്സം സൃഷ്ടിക്കാൻ ദശലക്ഷക്കണക്കിന് പക്ഷികളെത്തുന്നു.
ഈ പ്രകൃതി പ്രതിഭാസം ഇസ്രായേലിന്റെ സൈനിക നീക്കങ്ങളെ തടസ്സപ്പെടുത്തിയേക്കാമെന്ന് ഹീബ്രു വാർത്താ പോർട്ടലായ ‘വല്ല’ (Walla) റിപ്പോർട്ട് ചെയ്യുന്നു.
വരാനിരിക്കുന്ന വസന്തകാലത്ത് ആഫ്രിക്കയിൽ നിന്ന് യൂറോപ്പിലേക്കും ഏഷ്യയിലേക്കും കുടിയേറുന്ന കോടിക്കണക്കിന് പക്ഷികളാണ് ഇസ്രായേൽ വ്യോമസേനയുടെ ഉറക്കം കെടുത്തുന്നത്.
അതിവേഗത്തിൽ പറക്കുന്ന യുദ്ധവിമാനങ്ങൾ വലിയ പക്ഷികളുമായി ഇടിക്കുന്നത് വിമാനങ്ങൾ തകരാനും പൈലറ്റുമാരുടെ ജീവൻ അപകടത്തിലാകാനും വരെ കാരണമാകും.
റഡാർ സ്ക്രീനുകളിൽ വലിയ പക്ഷിക്കൂട്ടങ്ങൾ ശത്രുക്കളുടെ ഡ്രോണുകളോ മിസൈലുകളോ ആയി തെറ്റിദ്ധരിക്കപ്പെടാൻ സാധ്യതയുണ്ട്. ഇത് സൈന്യത്തിനിടയിൽ അനാവശ്യ പരിഭ്രാന്തി സൃഷ്ടിക്കും.
ഈ അപകടം ഒഴിവാക്കാൻ പലപ്പോഴും വ്യോമസേനയ്ക്ക് തങ്ങളുടെ യാത്രാപാതകൾ മാറ്റേണ്ടി വരികയോ അല്ലെങ്കിൽ വിമാനങ്ങൾ പറത്തുന്നത് പരിമിതപ്പെടുത്തേണ്ടി വരികയോ ചെയ്യും. മുൻവർഷങ്ങളിൽ ഇത്തരത്തിൽ പക്ഷിക്കൂട്ടങ്ങളെ ശത്രു ലക്ഷ്യങ്ങളായി തെറ്റിദ്ധരിച്ച് സൈന്യം വെടിയുതിർത്ത സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
എല്ലാ വർഷവും മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ലോകത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട പക്ഷി കുടിയേറ്റ പാതകളിലൊന്നായ ഇസ്രായേൽ ആകാശത്തിലൂടെ ലക്ഷക്കണക്കിന് പക്ഷികൾ പറന്നുപോകാറുണ്ട്.
വെളുത്ത കൊക്കുകൾ , പെലിക്കണുകൾ, ചാരക്കൊക്ക് തുടങ്ങിയ വലിയ പക്ഷികളാണ് ഈ കൂട്ടത്തിലുള്ളത്. യുദ്ധവിമാനങ്ങൾ പറക്കുന്ന അതേ ഉയരത്തിലൂടെയാണ് ഈ പക്ഷിക്കൂട്ടങ്ങളും സഞ്ചരിക്കുന്നത് എന്നത് വെല്ലുവിളിയുടെ ആക്കം കൂട്ടുന്നു.
മേഖലയിൽ ഇറാനും ഹിസ്ബുള്ളയുമായുള്ള പോരാട്ടം ശക്തമായി തുടരുന്ന സാഹചര്യത്തിൽ, ആകാശം പക്ഷികളെക്കൊണ്ട് നിറയുന്നത് വ്യോമാക്രമണങ്ങളുടെ വേഗത കുറയ്ക്കാൻ ഇസ്രായേലിനെ നിർബന്ധിതരാക്കും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
