Thursday, March 12, 2026
Saudi ArabiaTop Stories

സൗദിയിലെ തന്ത്രപ്രധാന മേഖലകൾ ലക്ഷ്യമാക്കി വന്ന നിരവധി ഡ്രോണുകളും മിസൈലുകളും തകർത്തതായി പ്രതിരോധ മന്ത്രാലയം

റിയാദ്: രാജ്യത്തിന്റെ വിവിധ തന്ത്രപ്രധാന കേന്ദ്രങ്ങളും ജനവാസ മേഖലകളും ലക്ഷ്യമിട്ട് നടത്തിയ വിനാശകരമായ ആക്രമണ ശ്രമങ്ങളെ സൗദി അറേബ്യൻ പ്രതിരോധ സേന വിജയകരമായി പരാജയപ്പെടുത്തി.

വിവിധ സമയങ്ങളിലായി എത്തിയ നിരവധി ബാലിസ്റ്റിക് മിസൈലുകളും സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോണുകളുമാണ് വ്യോമപ്രതിരോധ സംവിധാനം ആകാശത്ത് വെച്ച് തന്നെ തകർത്ത് നശിപ്പിച്ചത്.

ഏറ്റവും കൂടുതൽ ആക്രമണ ശ്രമങ്ങൾ നടന്നത് രാജ്യത്തിന്റെ കിഴക്കൻ പ്രവിശ്യയിലാണ്. ഇവിടെ പല ഘട്ടങ്ങളിലായി എത്തിയ ഡ്രോണുകളെ പ്രതിരോധ സേന വീഴ്ത്തി. ഒരു സന്ദർഭത്തിൽ മാത്രം 18 ഡ്രോണുകളെയാണ് സൈന്യം ഒരേസമയം തടഞ്ഞു നശിപ്പിച്ചത്.

ഖർജിലെ പ്രിൻസ് സുൽത്താൻ എയർബേസ് ലക്ഷ്യമാക്കി വന്ന മൂന്ന് ബാലിസ്റ്റിക് മിസൈലുകളും സൈന്യം വിജയകരമായി തകർത്തു. വലിയ നാശനഷ്ടങ്ങൾ ലക്ഷ്യമിട്ടുള്ള ഈ നീക്കങ്ങളെ കൃത്യമായ സമയത്ത് തിരിച്ചറിഞ്ഞ് നശിപ്പിക്കാൻ പ്രതിരോധ സംവിധാനങ്ങൾക്ക് സാധിച്ചു.

ഊർജ്ജ മേഖലയിലെ തന്ത്രപ്രധാന കേന്ദ്രമായ ഷൈബ ഓയിൽ ഫീൽഡിന് നേരെയും ഡ്രോൺ ആക്രമണ ശ്രമങ്ങളുണ്ടായി. റുബ്അൽ ഖാലി മരുഭൂമിയിലൂടെ എണ്ണപ്പാടം ലക്ഷ്യമാക്കി വന്ന ഡ്രോണുകളെ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുൻപ് തന്നെ പ്രതിരോധ മന്ത്രാലയം തകർത്തു.

ഇതിന് പുറമെ റിയാദിലെ നയതന്ത്ര മേഖലയായ ഡിപ്ലോമാറ്റിക് ക്വാർട്ടറിന് സമീപമെത്തിയ ഡ്രോണിനെയും സൈന്യം വെടിവെച്ചിട്ടു. രാജ്യത്തിന്റെ പരമാധികാരവും പൊതുമുതലും സംരക്ഷിക്കുന്നതിനായി ഏത് വെല്ലുവിളിയെയും നേരിടാൻ സൗദി സൈന്യം സജ്ജമാണെന്നും മന്ത്രാലയം വ്യക്തമാക്കി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa