Saturday, March 14, 2026
Middle EastTop Stories

വടക്കൻ ഇസ്രായേലിൽ ഇറാന്റെ മിസൈൽ ആക്രമണം; 300 വീടുകൾ തകർന്നു, നിരവധി പേർക്ക് പരിക്ക്

മിഡിൽ ഈസ്റ്റിലെ സംഘർഷം അതീവ ഗുരുതരമായ ഘട്ടത്തിലേക്ക് കടക്കവെ, കഴിഞ്ഞ ദിവസം വടക്കൻ ഇസ്രായേലിലെ സർസിർ (Zarzir) നഗരത്തിന് നേരെ ഇറാൻ നടത്തിയ ശക്തമായ മിസൈൽ ആക്രമണത്തിൽ 300 വീടുകൾ തകർന്നതായി ഇസ്രായേൽ സൈന്യം അറിയിച്ചു.

സർസിർ നഗരത്തിലെ ജനവാസ കേന്ദ്രങ്ങൾക്ക് നേരെയാണ് ഇറാൻ ആക്രമണം നടത്തിയതെന്ന് ആരോപിച്ച ഇസ്രായേൽ സൈന്യം, ആക്രമണത്തിൽ നിരവധി സാധാരണക്കാർക്ക് പരിക്കേറ്റതായും ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ അറിയിച്ചു.

സൈനിക കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചുള്ള നീക്കമെന്ന് ഇറാൻ അവകാശപ്പെടുമ്പോഴും, സാധാരണക്കാർ താമസിക്കുന്ന മേഖലകളിലാണ് മിസൈലുകൾ പതിച്ചതെന്ന് ഇസ്രായേൽ ആരോപിച്ചു.

സർസിർ നഗരത്തിലെ പാർപ്പിട സമുച്ചയങ്ങൾക്ക് മുകളിലേക്ക് മിസൈലുകൾ പതിച്ചതോടെ വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായത്. പരിക്കേറ്റ 80 പേരെ സമീപത്തെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇതിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് വിവരം.

പരിക്കേറ്റവരിൽ പകുതിയും കുട്ടികളാണെന്നും ഇസ്രായേൽ സൈന്യം അറിയിച്ചു. ഇറാൻ ഭരണകൂടവും അവർ പിന്തുണ നൽകുന്ന സംഘങ്ങളും അവരുടെ യുദ്ധ തന്ത്രത്തിന്റെ ഭാഗമായി സാധാരണക്കാർക്ക് നേരെയാണ് ആക്രമണം നടത്തുന്നതെന്നും ഇസ്രായേൽ ആരോപിച്ചു.

സൈറണുകൾ മുഴങ്ങിയ ഉടൻ തന്നെ പലരും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറിയതിനാൽ വലിയൊരു ദുരന്തം ഒഴിവായതായും അധികൃതർ വിലയിരുത്തുന്നു. എങ്കിലും അപ്രതീക്ഷിതമായി എത്തിയ മിസൈലുകൾ വലിയ ആഘാതമാണ് നഗരത്തിലുണ്ടാക്കിയത്.

ജനവാസ കേന്ദ്രങ്ങൾക്ക് നേരെ നടന്ന ഈ ആക്രമണത്തെ ‘യുദ്ധക്കുറ്റം’ എന്നാണ് ഇസ്രായേൽ വിശേഷിപ്പിച്ചത്. സ്വന്തം പൗരന്മാരെ സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുമെന്നും ഇറാന്റെ ഈ നീക്കത്തിന് കനത്ത വില നൽകേണ്ടി വരുമെന്നും ഇസ്രായേൽ സൈനിക വക്താവ് മുന്നറിയിപ്പ് നൽകി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa