ഹോർമുസിൽ ട്രംപ് ഒറ്റപ്പെടുന്നു; യുദ്ധക്കപ്പലുകൾ അയക്കില്ലെന്ന് പ്രമുഖ രാജ്യങ്ങൾ
ഇറാൻ പൂർണ്ണമായും ഉപരോധിച്ചതോടെ ലോകത്തെ ഏറ്റവും നിർണ്ണായകമായ എണ്ണക്കടത്തു പാതയായ ഹോർമൂസ് കടലിടുക്കിൽ കനത്ത പ്രതിസന്ധി തുടരുകയാണ്.
ഈ സാഹചര്യത്തിൽ എണ്ണക്കപ്പലുകൾക്ക് സുരക്ഷയൊരുക്കാൻ യുദ്ധക്കപ്പലുകൾ അയക്കണമെന്ന് ചൈന, ഫ്രാൻസ്, ജപ്പാൻ, ദക്ഷിണ കൊറിയ, യുകെ എന്നീ രാജ്യങ്ങളോട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവശ്യപ്പെട്ടു.
ഇറാൻ-ഇസ്രായേൽ യുദ്ധം ലോക സമ്പദ്‌വ്യവസ്ഥയെ തന്നെ തകിടം മറിക്കുമെന്ന ആശങ്കയിലാണെങ്കിലും അമേരിക്കയുടെ ഈ ആഹ്വാനത്തോട് തണുപ്പൻ പ്രതികരണമാണ് മിക്ക രാജ്യങ്ങളും നൽകുന്നത്.
മേഖലയിലെ കപ്പൽ ഗതാഗതത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ സഖ്യകക്ഷികളുമായി വിവിധ ഓപ്ഷനുകളെക്കുറിച്ച് ചർച്ച നടത്തുകയാണെന്ന് ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം അറിയിച്ചു. എന്നാൽ യുദ്ധക്കപ്പലുകൾ അയക്കുന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല.
കപ്പലുകൾ അയക്കില്ലെന്ന് ഫ്രാൻസും വ്യക്തമാക്കി. തങ്ങളുടെ വിമാനവാഹിനിക്കപ്പലും അനുബന്ധ ഗ്രൂപ്പും കിഴക്കൻ മെഡിറ്ററേനിയൻ കടലിൽ തന്നെ തുടരുമെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രാലയം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.
ട്രംപ് ആവശ്യപ്പെട്ടതുകൊണ്ട് മാത്രം കപ്പലുകൾ അയക്കില്ലെന്ന നിലപാടിലാണ് ജപ്പാൻ. “സ്വതന്ത്രമായ തീരുമാനമാണ് ജപ്പാന്റെ അടിസ്ഥാനം, സ്വന്തം നിലയ്ക്ക് കാര്യങ്ങൾ വിലയിരുത്തിയ ശേഷമേ തീരുമാനമെടുക്കൂ” എന്ന് ജപ്പാൻ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
സംഘർഷങ്ങൾ അവസാനിപ്പിക്കാനാണ് ചൈന ആഹ്വാനം ചെയ്യുന്നത്. ഊർജ്ജ വിതരണം തടസ്സപ്പെടാതിരിക്കാൻ എല്ലാ കക്ഷികൾക്കും ഉത്തരവാദിത്തമുണ്ടെന്ന് ചൈനീസ് എംബസി അറിയിച്ചു.
ട്രംപിന്റെ ആവശ്യം ഗൗരവമായി പരിശോധിക്കുമെന്നും അമേരിക്കയുമായി ചർച്ചകൾ തുടരുമെന്നും ദക്ഷിണ കൊറിയൻ പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചു.
ലോകത്തിലെ മൊത്തം എണ്ണ വിതരണത്തിന്റെ വലിയൊരു ഭാഗം കടന്നുപോകുന്നത് ഹോർമൂസ് കടലിടുക്ക് വഴിയാണ്. ഇറാൻ ഈ പാത തടഞ്ഞതോടെ ആഗോള എണ്ണവില കുതിച്ചുയരാൻ സാധ്യതയുണ്ട്. എന്നിരുന്നാലും, നേരിട്ടൊരു യുദ്ധത്തിൽ പങ്കാളികളാകാൻ ഭയന്നാണ് പല രാജ്യങ്ങളും പിന്മാറുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
