ഗൾഫ് രാജ്യങ്ങളെ വീണ്ടും ഉന്നമിട്ട് ഇറാൻ; കുവൈത്തിനും ബഹ്‌റൈനും നേരെ ആക്രമണം, മിസൈലുകൾ തകർത്ത് യുഎസ്
ഗൾഫ് അയൽരാജ്യങ്ങളായ കുവൈത്തിനും ബഹ്‌റൈനും നേരെ വീണ്ടും ഇറാന്റെ മിസൈൽ ആക്രമണം. ഏഴ് ബാലിസ്റ്റിക് മിസൈലുകൾ ഇറാൻ വിക്ഷേപിച്ചതായി അമേരിക്കൻ സൈന്യം അറിയിച്ചു.
ഹോർമുസ് കടലിടുക്കിന് നേരെ ഇറാൻ വിക്ഷേപിച്ച ആക്രമണ ഡ്രോണുകൾ അമേരിക്കൻ വെടിവെച്ചിടുകയും ഇറാന്റെ റഡാർ കേന്ദ്രങ്ങൾക്ക് നേരെ പ്രത്യാക്രമണം നടത്തുകയും ചെയ്തതിന് തൊട്ടുപിന്നാലെയാണ് ഈ മിസൈൽ വർഷമുണ്ടായത്.
മിസൈലുകളും ഡ്രോണുകളും കുവൈറ്റിന്റെ ആകാശത്തുവെച്ച് വെടിവെച്ചിട്ട സമയത്ത് വലിയ സ്ഫോടന ശബ്ദങ്ങൾക്കൊപ്പം അഞ്ച് തവണയാണ് രാജ്യത്ത് അപകട സൂചന നൽകുന്ന സൈറൺ അലാറങ്ങൾ മുഴങ്ങിയത്.
കുവൈറ്റിനെയും ബഹ്‌റൈനെയും ലക്ഷ്യമിട്ട് ഇറാൻ തൊടുത്തുവിട്ട ഏഴ് ബാലിസ്റ്റിക് മിസൈലുകളും ലക്ഷ്യം കാണാതെ പരാജയപ്പെട്ടതായി യുഎസ് സൈന്യത്തിന്റെ സെൻട്രൽ കമാൻഡ് വ്യക്തമാക്കി.
ഇറാൻ തൊടുത്ത മിസൈലുകളിൽ ആറെണ്ണം വിജയകരമായി പ്രതിരോധിച്ചതായും ഏഴാമത്തെ മിസൈലിന് നിശ്ചയിച്ച ലക്ഷ്യസ്ഥാനത്ത് എത്താൻ സാധിച്ചില്ലെന്നുമാണ് സെന്റ്കോമിന്റെ പ്രാഥമിക വിലയിരുത്തൽ.
അതേസമയം, ബഹ്‌റൈനിലെ യുഎസ് അഞ്ചാം നാവിക വ്യൂഹത്തിന്റെ ആസ്ഥാനം ആക്രമിച്ചു തകർത്തുവെന്ന ഇറാന്റെ അവകാശവാദങ്ങൾ പൂർണ്ണമായും വ്യാജമാണെന്ന് സെന്റ്കോം വ്യക്തമാക്കി.
ആക്രമണത്തിൽ യുഎസ് ഉദ്യോഗസ്ഥർക്കോ സൈനികർക്കോ യാതൊരുവിധ പരിക്കുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും അമേരിക്കൻ സൈന്യം ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
