തിരിച്ചടിച്ച് ഇറാൻ; ബഹ്‌റൈനിലെയും കുവൈത്തിലെയും അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ മിസൈലാക്രമണം
പശ്ചിമേഷ്യയിൽ യുദ്ധഭീതി അതീവ ഗുരുതരമായ തലത്തിലേക്ക് ഉയർത്തിക്കൊണ്ട്, ബഹ്‌റൈനിലെയും കുവൈത്തിലെയും യുഎസ് സൈനിക കേന്ദ്രങ്ങൾക്ക് നേരെ ഇറാന്റെ പ്രത്യാക്രമണം.
അമേരിക്ക നടത്തിയ വ്യോമാക്രമണങ്ങൾക്ക് മറുപടിയായി, മേഖലയിലെ “85 യുഎസ് സൈനിക കേന്ദ്രങ്ങൾ” ലക്ഷ്യമിട്ട് മിസൈലുകളും ഡ്രോണുകളും തൊടുത്തതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് പ്രഖ്യാപിച്ചു.
ആക്രമണത്തെത്തുടർന്ന് ബഹ്‌റൈനിലും കുവൈത്തിലും ഉടനീളം വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങി. ഇരുരാജ്യങ്ങളിലെയും വ്യോമപ്രതിരോധ സംവിധാനങ്ങൾ അടിയന്തരമായി സജീവമാക്കിയതായാണ് റിപ്പോർട്ടുകൾ.
ബഹ്‌റൈൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന അമേരിക്കയുടെ അതിശക്തമായ നാവികസേനാ വ്യൂഹമായ യുഎസ് ഫിഫ്ത് ഫ്ലീറ്റ് ബേസ്, കുവൈത്തിലെ അലി അൽ-സലേം എയർബേസ് എന്നിവയാണ് തങ്ങൾ പ്രധാനമായും ലക്ഷ്യമിട്ടതെന്ന് ഐആർജിസി വ്യക്തമാക്കി.
തങ്ങളുടെ നാവികസേനയും എയറോസ്‌പേസ് ഫോഴ്സും സംയുക്തമായാണ് ഈ വൻ വ്യോമാക്രമണം നടത്തിയത്. കൂടാതെ ഒരു അമേരിക്കൻ MQ-9 റീപ്പർ ഡ്രോൺ വെടിവെച്ചിട്ടതായും ഇറാൻ അവകാശപ്പെടുന്നുണ്ട്.
ഇന്ന് പുലർച്ചെ ഇറാന്റെ തീരദേശ താവളങ്ങൾക്കും ജനവാസ കേന്ദ്രങ്ങൾക്കും നേരെ അമേരിക്ക നടത്തിയ വ്യോമാക്രമണം വെടിനിർത്തൽ കരാറിന്റെയും ‘ഇസ്ലാമാബാദ് ഉടമ്പടി’യുടെയും ലംഘനമാണെന്നും, അതിനുള്ള ആദ്യഘട്ട തിരിച്ചടി (Initial response) മാത്രമാണ് ഇതെന്നും ഇറാൻ സൈന്യം മുന്നറിയിപ്പ് നൽകി.
അമേരിക്ക ഇപ്പോൾ നടത്തിയ വ്യോമാക്രമണങ്ങൾക്ക് പിന്നിൽ കൃത്യമായ രാഷ്ട്രീയ അജണ്ടയുണ്ടെന്ന് ഐആർജിസി ആരോപിച്ചു. അന്തരിച്ച ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ വിലാപയാത്ര നിലവിൽ രാജ്യത്ത് നടക്കുകയാണ്.
ഈ ചരിത്ര സംഭവത്തിന്റെ പ്രാധാന്യം കുറയ്ക്കാനും ലോകശ്രദ്ധ തിരിക്കാനുമാണ് വാഷിംഗ്ടൺ ഈ സമയം നോക്കി ഇറാനെതിരെ ആക്രമണം അഴിച്ചുവിട്ടതെന്ന് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
