സൗദി എണ്ണ കേന്ദ്രങ്ങൾക്ക് നേരെ വീണ്ടും ഡ്രോൺ ആക്രമണ ശ്രമം; വ്യോമസേന തകർത്തു, കനത്ത തിരിച്ചടി നൽകുമെന്ന് സൗദി
റിയാദ്: സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിലെ തന്ത്രപ്രധാനമായ എണ്ണ ശുദ്ധീകരണ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് നടന്ന ഡ്രോൺ ആക്രമണ ശ്രമങ്ങൾ സൗദി വ്യോമസേന (Air Defense) വിജയകരമായി പ്രതിരോധിച്ചു.
കഴിഞ്ഞ ഏതാനും മണിക്കൂറുകൾക്കുള്ളിൽ അതിർത്തി കടന്നെത്തിയ നിരവധി ഡ്രോണുകൾ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ് തന്നെ തകർത്തു വീഴ്ത്തിയതായി സൗദി പ്രതിരോധ മന്ത്രാലയ വക്താവ് മേജർ ജനറൽ തുർക്കി അൽ-മാലികി അറിയിച്ചു.
ഇറാഖ് അതിർത്തിക്കുള്ളിൽ നിന്നാണ് ഈ ഭീകരാക്രമണ നീക്കങ്ങൾ വീണ്ടും ആരംഭിച്ചതെന്ന് മേജർ ജനറൽ അൽ-മാലികി സ്ഥിരീകരിച്ചു. ഇറാൻ പിന്തുണയോടെ പ്രവർത്തിക്കുന്ന ഭീകര മിലിഷ്യകളാണ് ഈ ആക്രമണങ്ങൾക്ക് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സൗദിയുടെ ഊർജ്ജ കേന്ദ്രങ്ങൾക്ക് നേരെയും വാണിജ്യ കപ്പലുകൾക്ക് നേരെയും നടക്കുന്ന തുടർച്ചയായ അക്രമങ്ങളുടെ ഭാഗമായാണ് ഈ പുതിയ നീക്കവും വിലയിരുത്തപ്പെടുന്നത്.
സ്വന്തം രാജ്യത്തെയും ദേശീയ സമ്പത്തിനെയും സുരക്ഷാ മേഖലകളെയും സംരക്ഷിക്കാൻ സൗദി അറേബ്യയ്ക്ക് പൂർണ്ണ അവകാശമുണ്ടെന്നും അനുയോജ്യമായ സമയത്തും സ്ഥലത്തും സൗദി ഇതിന് ശക്തമായ മറുപടി പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
തീവ്രവാദ ഗ്രൂപ്പുകളുടെ ഇത്തരം പ്രകോപനങ്ങൾ സൗദിയുടെ സുരക്ഷാ സംവിധാനങ്ങൾ പൂർണ്ണമായും നേരിടുമെന്നും, എണ്ണ കേന്ദ്രങ്ങളുടെയും വ്യാവസായിക മേഖലകളുടെയും സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
