Sunday, September 22, 2024
Jeddah

യാമ്പു പുഷ്‌പോത്സവം ആഘോഷമാക്കി ജിദ്ദ മലയാളികൾ

ജിദ്ദ: പതിമൂന്നാമത് യാമ്പു പുഷ്‌പോത്സവത്തിന് കഴിഞ്ഞയാഴ്ച യാമ്പു അൽ മുനാസബാത് പാർക്കിൽ തുടക്കമായി. ഒരു മാസം നീണ്ടു നിൽക്കുന്ന പുഷ്‌പോത്സവം കാണാൻ ഉദ്ഘാടന ദിവസം തന്നെ ധാരാളം പേര് എത്തിയിരുന്നു.  മനോഹരമായി അലങ്കരിച്ച പൂക്കൾ കൊണ്ടുള്ള നിരവധി കുന്നിൻ ചെരുവുകളും, കവാടങ്ങളും, കൊച്ചരുവികളും ഉൾപ്പെടുത്തിയാണ് പുഷ്‌പോത്സവം ഒരുക്കിയിട്ടുള്ളത്. ഇതിനു പുറമെ പക്ഷികളുടെ പ്രദർശനം, കുട്ടികളുടെ പാർക്ക്, പാഴ്‌വസ്തുക്കൾ ഉപയോഗിച്ചുള്ള റീസൈക്ലിങ് പാർക്ക്, തുടങ്ങി നിരവധി കാഴ്ചകളാണ് സന്ദർശകർക്കായി ഇത്തവണ ഉൾപ്പെടുത്തിയിട്ടുള്ളത്.

നഗരത്തിലെ പ്രധാന റോഡുകളെല്ലാം പൂക്കൾ കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. വിവിധ കലാ സാംസ്കാരിക പരിപാടികളും മേളയുടെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. പൂക്കളെയും ചെടികളെയും, പരിസ്ഥിതിയെയും കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുക എന്നതാണ് പുഷ്‌പോത്സവം കൊണ്ട് ലക്‌ഷ്യം വെക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.

സൗദിയിലെ മലയാളികൾ പ്രത്യേകിച്ചും ജിദ്ദ മലയാളികൾ വളരെ ആവേശത്തോടെയാണ് യാമ്പു പുഷ്‌പോത്സവത്തെ വരവേൽക്കുന്നത്. ജിദ്ദയിലുള്ള നിരവധി രാഷ്ട്രീയ, സാംസ്‌കാരിക, മത സംഘടനകൾ മലയാളികൾക്ക് പുഷ്‌പോത്സവം സന്ദർക്കിക്കാനുള്ള അവസരമൊരുക്കുന്നുണ്ട്. എല്ലാ വാരാന്ത്യത്തിലും നിരവധി ബസുകളാണ് മലയാളികളെയും വഹിച്ചു കൊണ്ട് ജിദ്ദയിൽ നിന്നും പുഷ്‌പോത്സവ നഗരിയിലേക്ക് പോവുന്നത്. വിഭവ സമൃദ്ധമായ ഭക്ഷണവും, ഫാമിലിക്ക് പ്രത്യേക സൗകര്യവും എല്ലാ സംഘടനകളും ഒരുക്കുന്നുണ്ട്.

പുഷ്പ മേള സന്ദർശനത്തിന് പുറമെ, യാത്രയിലുടനീളം നീണ്ടു നിൽക്കുന്ന വിവിധ പരിപാടികളും, ബോട്ടു സവാരിയും യാത്രയുടെ ഭാഗമായി മിക്ക സംഘടനകളും സംഘടിപ്പിക്കുന്നുണ്ട്. സ്കൂളുകളിൽ വാർഷിക പരീക്ഷയായിട്ടു പോലും ഓരോ ആഴ്ചയിലും ധാരാളം പേരാണ് പുഷ്പമേള സന്ദർശിക്കാൻ പോവുന്നത്. അടുത്ത ആഴ്ചയോടെ പരീക്ഷ അവസാനിക്കുന്നതോടു കൂടി, കൂടുതൽ മലയാളികൾ പുഷ്പ നഗരി സന്ദർശിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വിരസമായ പ്രവാസ ജീവിതം ഉല്ലാസപ്രദമാക്കാൻ വീണ് കിട്ടുന്ന നല്ലൊരു അവസരമായിട്ടാണ് പലരും ഇതിനെ കാണുന്നത്.

 

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q