Sunday, November 24, 2024
Top StoriesU A E

പിതാവാരെന്നറിയില്ല; യു എ ഇ യിൽ പ്രസവിച്ച ഉടനെ യുവതി കുഞ്ഞിനെ കൊലപ്പെടുത്തി

അബുദാബി: പിതാവ് ആരാണെന്നറിയാത്ത കാരണത്താൽ പ്രസവിച്ച ഉടനെ യുവതി സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തി. അബുദാബിയിൽ ഒരു അറബ് കുടുംബത്തിൽ ഗാർഹികത്തൊഴിലാളിയായി ജോലിചെയ്തിരുന്ന യുവതിയാണ് സ്വന്തം കുഞ്ഞിനെ പ്രസവിച്ച ഉടനെ കുത്തിക്കൊലപ്പെടുത്തിയത്.

എത്യോപ്യക്കാരിയായ യുവതി വഴിവിട്ട ബന്ധത്തിലൂടെ ഗര്ഭിണിയാവുകയും, ഗർഭിണിയായ വിവരം ജോലിചെയ്യുന്ന വീട്ടുകാരിൽ നിന്നും മറച്ചുവെക്കുകയുമായിരുന്നു. ആരിൽ നിന്നാണ് തൻ ഗര്ഭിണിയായത് എന്ന് തനിക്കറിയില്ലെന്ന് യുവതി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.

പ്രസവത്തിന് ശേഷം കുട്ടിയെ കൊലപ്പെടുത്താനായിരുന്നു യുവതിയുടെ തീരുമാനം. ഇതുപ്രകാരം പ്രസവസമയമെടുത്തപ്പോൾ ജോലി ചെയ്യുന്ന വീടിനടുത്തുള്ള ഒരു ഒഴിഞ്ഞ വീട്ടിൽ വെച്ച് ആൺകുട്ടിയെ പ്രസവിക്കുകയും, തുടർന്ന് കത്തി കൊണ്ട് കുട്ടിയെ കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു. എന്നാൽ സംഭവം അയൽക്കാർ കാണുകയും ഇവർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി യുവതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

കോടതിയിൽ ഹാജരാക്കിയ യുവതിയുടെ മേൽ അനാശാസ്യകുറ്റവും കൊലപാതകകുറ്റവും ചുമത്തിയിട്ടുണ്ട്. കുഞ്ഞിനെ താൻ മനപ്പൂർവമല്ല കൊന്നത് എന്ന് യുവതി കോടതിയിൽ പറഞ്ഞു. യുവതിക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നെന്നും, ചെയ്യുന്നതെന്താണെന്ന് അറിയില്ലായിരുന്നു എന്നും യുവതിയുടെ അഭിഭാഷകൻ പറഞ്ഞു.

താൻ ഗർഭിണിയാണെന്ന് ജോലി ചെയ്യുന്ന വീട്ടുകാർ അറിയുമെന്ന ഭയത്താൽ യുവതിയുടെ മാനസിക നില തകരാറിലായിരുന്നു എന്ന് അഭിഭാഷകൻ കോടതിയിൽ വാദിച്ചു. എന്നാൽ കോടതിയിൽ ഹാജരാക്കപ്പെട്ട മെഡിക്കൽ റിപ്പോർട്ട് പ്രകാരം യുവതിക്ക് യാതൊരു മാനസിക പ്രശ്നങ്ങളും ഉണ്ടായിരുന്നില്ല.

കേസ് വിധി പറയാൻ മെയ് 29ലേക്ക് മാറ്റിവച്ചു

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa