33 വർഷങ്ങൾക്ക് ശേഷം നാട്ടിൽ പോകാനൊരുങ്ങിയ അബ്ദുറഹ്മാനു സൗദിയുടെ മണ്ണിൽ അന്ത്യ വിശ്രമം
തുടർച്ചയായി 33 വർഷം സൗദിയിൽ പ്രവാസ ജീവിതം നയിച്ച തമിഴ്നാട് തഞ്ചാവൂർ കുംഭകോണം മേലകാവേരി സ്വദേശി അബ്ദുറഹ്മാൻ(63) അവസാനം നാട്ടിൽ പോകാനൊരുങ്ങിയപ്പോൾ വിധി മരണത്തിൻ്റെ രൂപത്തിൽ അദ്ദേഹത്തെ മാടി വിളിച്ചു.
റിയാദിൽ നിന്ന് 200 കിലോമീറ്ററിലധികം ദൂരെയുള്ള ദവാദ്മി ജനറൽ ആശുപത്രിയിൽ നാട്ടിൽ പോകാനുള്ള മോഹങ്ങൾ ബാക്കിയാക്കി അബ്ദുറഹ്മാൻ രക്തം ഛർദ്ദിച്ചു മരിക്കുകയായിരുന്നു.
30 ആം വയസ്സിൽ ദവാദ്മിയിലെ ഒരു നിർമ്മാണ കംബനിയിലേക്ക് ഹെല്പർ വിസയിലായിരുന്നു ഇദ്ദേഹം എത്തിയത്. അതിനു ശേഷം നാട്ടിൽ പോയിട്ടില്ല. വിവിധ ജോലികൾ ചെയ്തു. കിട്ടിയ പണം നാട്ടിലേക്കയച്ച് സഹോദരിയുടെ വിവാഹം നടത്തിക്കൊടുത്തു. ഇതിനിടയിൽ വാഹനമിടിച്ച് രണ്ട് തവണ ആശുപത്രിയിലായത് കണക്കു കൂട്ടലുകൾ തെറ്റിച്ചു. സാംബത്തിക ബാധ്യതകൾ വർധിച്ചതിനാൽ ഇത് വരെ നാട്ടിൽ പോകാൻ സാധിച്ചില്ല.
ഇതിനിടയിലും നാട്ടിലെ ഉമ്മക്ക് സ്ഥിരമായി ചെലവിനുള്ള പണം അയച്ച് കൊടുത്തിരുന്നു. രണ്ട് മാസം മുംബ് ജോലിസ്ഥലത്ത് നിന്ന് റൂമിലേക്ക് പോകുന്നതിനിടേ റോഡിൽ കുഴഞ്ഞ് വീണു ആശുപത്രിയിലായി.
ആശുപത്രിയിലെ ചികിത്സകൾക്കിടയിൽ രോഗത്തിനു അല്പം ശമനമുണ്ടായപ്പോൾ ദവാദ്മി കെ എം സി സിയിലെ സാമൂഹ്യ പ്രവർത്തകൻ ഹുസൈൻ എടരിക്കോട് സഹായിക്കാനെത്തുകയായിരുന്നു. ഇന്ത്യൻ എംബസി ഔട്ട് പാസും കംബനി എക്സിറ്റ് വിസയുമെല്ലാം നൽകി. പക്ഷേ 40,000 ത്തോളം റിയാലിൻ്റെ ആശുപത്രി ബിൽ ഡിസ്ച്ചാർജ്ജിനു തടസ്സമായി. എന്നാൽ അബ്ദുറഹ്മാൻ്റെ ദയനീയ കഥ കേട്ട സൗദി ആരോഗ്യ മന്ത്രാലയം ഈ വലിയ തുക എഴുതിത്തള്ളുകയായിരുന്നു.
തുടർന്ന് നാട്ടിലേക്ക് കയറ്റി വിടാൻ ആശുപത്രിയിൽ നിന്ന് ഡിസ്ച്ചാർജ്ജ് വാങ്ങുന്നതിനായി ഹുസൈൻ എടരിക്കോട് ആശുപത്രി മേധാവിയുമായി സംസാരിച്ച് കൊണ്ടിരിക്കെ അബ്ദുറഹ്മാൻ രക്തം ഛർദ്ദിച്ച് പിടഞ്ഞ് മരിക്കുകയായിരുന്നു.
മരണ വിവരം നാട്ടിൽ അറിയിക്കുകയും മാതാവും പെങ്ങളും മയ്യിത്ത് ദവാദ്മിയിൽ തന്നെ ഖബറടക്കാനുള്ള സമ്മതം നൽകുകയും ചെയ്തിട്ടുണ്ട്.
33 വർഷങ്ങൾക്ക് ശേഷം തൻ്റെ മകൻ്റെ മുഖമൊന്ന് കാണാൻ കാത്തിരുന്ന അബ്ദുറഹ്മാൻ്റെ ഉമ്മ ഹലീമ ബീവിക്ക് ഇനി ആ മകനെ കാണാൻ സാധിക്കില്ല;പകരം പ്രവാസ ജീവിതത്തിൻ്റെ ബാക്കി പത്രമായി അവസാനം ജോലി ചെയ്ത കംബനി അനുവദിച്ച സേവനാനുകൂല്യ തുക മാത്രം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa