ഇത് ചരിത്രം; സൗദിയുടെ ആദ്യ ടെലി കമ്യൂണിക്കേഷൻ സാറ്റലൈറ്റ് വിക്ഷേപിച്ചു
കിംഗ് അബ്ദുൽ അസീസ് സിറ്റി ഫോർ സയൻസ് ആൻ്റ് ടെക്നോളജിയെ പ്രതിനിധീകരിച്ച് ഗയാന സ്പേസ് സെൻ്ററിൽ നിന്ന് അരിയാനെ5 റോക്കറ്റ് സൗദിയുടെ ആദ്യ ടെലി കമ്യൂണിക്കേഷൻ സാറ്റലൈറ്റായ എസ് ജി എസ് 1 കഴിഞ്ഞ ദിവസം വിക്ഷേപിച്ചപ്പോൾ അത് സൗദിയുടെ ചരിത്രത്തിൽ ഒരു പൊൻ തൂവൽ കൂടെ ചേർക്കുകയായിരുന്നു.
സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സല്മാൻ രാജകുമാരൻ തൻ്റെ കൈപ്പടയിലെഴുതിയ ‘മേഘങ്ങൾക്കുമപ്പുറത്തേക്ക്’ എന്ന വാക്ക് ഈ ഉപഗ്രഹത്തിൻ്റെ മുകളിൽ ആലേഖനം ചെയ്തിട്ടുണ്ടെന്നത് ശ്രദ്ധേയമാണു.
ലൊക്കീദ് മാർട്ടിൻ കംബനിയും സൗദികളായ എഞ്ചിനീയർമാരും യോജിച്ചാണു എസ് ജി എസ് 1 (സൗദി ജിയോസ്റ്റേഷനറി സാറ്റലൈറ്റ് 1) വികസിപ്പിച്ചെടുത്തത്.
വിഷൻ 2030 ൻ്റെ ലക്ഷ്യങ്ങളിലൊന്നായ ഉന്നത ഗവേഷണ, ശാസ്ത്ര മേഖലകളിലേക്ക് സൗദി യുവതയെ കൂടുതൽ എത്തിക്കുന്നതിൻ്റെ ഭാഗമായുള്ള ഭരണകൂടത്തിൻ്റെ പിന്തുണയുടെ പ്രതിഫലനമാണു കിംഗ് അബ്ദുൽ അസീസ് സയൻസ് സിറ്റിയിലെ യുവ എഞ്ചിനീയർമാർക്ക് ഈ നേട്ടത്തോടൊപ്പം പ്രവർത്തിക്കുന്നതിനു അവസരമൊരുങ്ങിയത്.
അൾട്രാ ഫാസ്റ്റ് സ്പീഡിൽ സ്പേസ് കമ്യൂണിക്കേഷൻ സാധ്യമാക്കാൻ പുതിയ ഉപഗ്രഹം വഴി സാധിക്കും. ബ്രോഡ് ബാൻഡ് ടെലി കമ്യൂണിക്കേഷനും റിമോട്ട് ഏരിയകളിലും ദുരന്ത മേഖലകളിലുമെല്ലാം കമ്യൂണിക്കേഷനും ഇത് വഴി സാധിക്കും.
സൗദിയുടെ ഇത്തരത്തിലുള്ള ആദ്യത്തെ ഉപഗ്രഹം എന്ന നിലയിൽ ശ്രദ്ധേയമായ എസ് ജി എസ്1 ഇനി ശാസ്ത്ര ഗവേഷണ മേഖലകളിലേക്കുള്ള സൗദിയുടെ കടന്ന് കയറ്റത്തിനു ആക്കം കൂട്ടാൻ പ്രചോദനമാകുമെന്നാണു വിലയിരുത്തപ്പെടുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa