നാട്ടിലേക്ക് പോയ യുവാവ് വീടണയും മുൻപേ കുഴഞ്ഞു വീണ് മരിച്ചു.
വെബ്ഡെസ്ക്: ദമ്മാമിൽ നിന്നും നാട്ടിലേക്ക് പുറപ്പെട്ട മലപ്പുറം സ്വദേശി കൊച്ചിയിൽ വിമാനമിറങ്ങിയ ഉടൻ ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം പറംബിൽ പീടിക നീരോൽപ്പാലം വടക്കീൽ മാട് മുഹമ്മദ് ശംസുദ്ധീൻ അറക്കൽ (41) ആണു ഇന്ന് രാവിലെ കൊച്ചി എയർപോർട്ടിൽ വെച്ച് മരണപ്പെട്ടത്.
റിയാദിൽ ഒരു സ്വകാര്യ കമ്പനിയിൽ ഓഫീസ് സെക്രട്ടറിയായി ജോലി ചെയ്തിരുന്ന ഇദ്ദേഹം, കഴിഞ്ഞ ദിവസം ദമ്മാമിലെത്തി സഹോദരനെ സന്ദർശിച്ച ശേഷം നാട്ടിലേക്ക് പോവുകയായിരുന്നു. നാട്ടിലെത്തി, എമിഗ്രേഷൻ കഴിഞ്ഞ ശേഷം പുറത്തിറങ്ങി ലോഫ്‌ളോർ ബസ് കാത്തു നിൽക്കുന്ന സമയത്താണ് കുഴഞ്ഞു വീണത്. ഉടനെ തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലുള്ള മൃതദേഹം ജൻമ നാട്ടിലെത്തിച്ച് നാളെ (തിങ്കൾ) രാവിലെ ഖബറടയ്ക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
ഒന്നര പതിറ്റാണ്ടോളമായി സൗദിയിലുള്ള ശംസുദ്ധീൻ നേരത്തെ ബുറൈദ, അൽ ഖസിം എന്നിവിടങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്. മുന്ന് വർഷം മുമ്പാണ് റിയാദിലേക്ക് മാറിയത്.
കഴിഞ്ഞ പെരുന്നാൾ അവധിക്ക് നാട്ടിലുള്ള കുടുംബത്തെ സന്ദർശിച്ച് മടങ്ങിയെത്തിയതായിരുന്നു.
ദമ്മാമിലുള്ള മാതാപിതാക്കളെയും സഹോദരങ്ങളെയും നേരിൽ കണ്ട് യാത്ര ചോദിക്കുന്നതിനാണ് ശംസുദ്ധീൻ നാട്ടിലേക്കുള്ള യാത്ര ദമ്മാം വഴിയാക്കിയത്.
സമസ്ത ഇസ്‌ലാമിക് സെന്റർ സൗദി ദേശീയ കമ്മിറ്റി വർക്കിംഗ് സിക്രട്ടറി അബ്ദുറഹ്മാൻ അറക്കലിന്റെ ജ്യേഷ്ഠ സഹോദരനാണ്. സലീനയാണു ഭാര്യ. ശൈം ജുമാന, ശമ്മാസ് അഹ്മദ് എന്നിവരാണു മക്കൾ. ഖബറടക്കം തിങ്കളാഴ്ച പറംബിൽ പീടിക കുന്നത്ത് മഹല്ല് ജുമാ മസ്ജിദിൽ നടക്കും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa