ഇത് ധീരതക്കുള്ള അംഗീകാരം; ലുലുവിലെ ജീവനക്കാർക്ക് പാരിതോഷികവും സ്ഥാനക്കയറ്റവും
ഷാർജ: ഷാർജ അൽ ഫലാ ലുലു ഹൈപ്പർമാർക്കറ്റിലെ കവർച്ചാ ശ്രമം സ്വയം രക്ഷ പോലും മറന്ന് ധീരമായി ചെറുത്തു തോൽപിച്ച രണ്ടു ജീവനക്കാർക്ക് ലുലു മേധാവി എം എ യൂസുഫലി പാരിതോഷികം നൽകിയതോടൊപ്പം ജോലിയിൽ സ്ഥാനക്കയറ്റവും നൽകി.
കാഷ്യറായിരുന്ന കണ്ണൂർ സ്വദേശി മുക്താർ സെമൻ, ഹൈദരാബാദ് സ്വദേശി അസ്‌ലം പാഷാ മുഹമ്മദ് എന്നിവർക്കാണ് അബുദാബിയിലെ ലുലു ആസ്ഥാനത്ത് നടന്ന പ്രത്യേക ചടങ്ങിൽ ലുലു ഗ്രൂപ്പ് ചെയർമാനും എംഡിയുമായ എം.എ.യൂസഫലി 5,000 ദിർഹം, മൊമന്റോ, കീർത്തിപത്രം എന്നിവ സമ്മാനിച്ചത്. എത്രയും പെട്ടെന്ന് ഇരുവരെയും ഉയർന്ന തസ്തികയിൽ നിയമിക്കാനും നിർദേശിച്ചു.
ധീരപ്രവൃത്തി കാണിച്ച രണ്ട് പേരെയും പ്രതികളെ അതി വേഗം പിടികൂടിയ ഷാർജ പൊലീസിനെയും യൂസുഫലി അഭിനന്ദിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഹൈപ്പർമാർക്കറ്റ് പ്രവർത്തിച്ചുകൊണ്ടിരുന്നപ്പോഴായിരുന്നു സംഭവം. മുഖം മൂടിധരിച്ചെത്തിയ ആജാനുബാഹുക്കളായ രണ്ടുപേർ ക്യാഷ് കൗണ്ടറിലെ ജീവനക്കാരനെ ആക്രമിച്ച് പണം കൊള്ളയടിക്കാനായിരുന്നു ശ്രമിച്ചത്. ആദ്യം ഒരാളാണ് സ്ഥലത്തെത്തിയത്. ഇയാൾ ആയുധമുപയോഗിച്ച് കൗണ്ടർ തകർക്കാൻ ശ്രമിക്കുന്നത് ജീവനക്കാരൻ തടഞ്ഞു.
ഇതോടെ രണ്ടാമത്തെ അക്രമിയും ആയുധവുമായി പ്രവേശിച്ചു. ഇയാളെയും മറ്റു ജീവനക്കാർ കൂടി ചേർന്ന് ചെറുത്തു. മിനിറ്റുകളോളം അക്രമികളും ജീവനക്കാരും ഏറ്റുമുട്ടി. അക്രമികളെ നേരിടുന്നതിനിടെ ഒരു ജീവനക്കാരന് സാരമായ പരുക്കേറ്റു. ഉദ്യമം പരാജയപ്പെട്ടതിനെ തുടർന്ന് അക്രമികൾ രക്ഷപ്പെടാനുള്ള ശ്രമം നടത്തിയെങ്കിലും ഹൈപ്പർമാർക്കറ്റിൽ നിന്ന് പുറത്തു കടക്കും മുൻപേ സ്ഥലത്തെത്തിയ പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa