Monday, September 23, 2024
GCCKeralaTop Stories

വീണ്ടും ഒരവധിക്കാലം; പ്രവാസികളെ പിഴിഞ്ഞ് വിമാനകമ്പനികൾ.

വീണ്ടും ഒരവധിക്കാലം വന്നു. വിരഹതയുടെ ചുടു കാറ്റിൽ ഉരുകുന്ന പ്രവാസിക്ക് തന്റെ കുടുംബങ്ങളെ കാണാനുള്ള ഒരവസരവും. എന്നാൽ അവസരം മുതലെടുത്ത് പ്രവാസിയുടെ ചങ്ക് മാന്താൻ കാത്തിരിക്കുന്ന വിമാന കമ്പനികൾ ചൂഷണം തുടങ്ങി.

പറയുന്നതും കേൾക്കുന്നതും പോലും ലജ്ജാവഹമായ കണ്ണിൽ ചോരയില്ലാത്ത നിരക്കു വർദ്ധനയാണ് വിമാന കമ്പനികൾ നടപ്പിലാക്കുന്നത്. കേരളത്തിലെ രണ്ടു മാസത്തെ അവധി ദിനങ്ങളിലും അത് കഴിഞ്ഞ് തുടങ്ങുന്ന ഗൾഫിലെ വേനലവധി ദിവസങ്ങളിലും ഗൾഫ് സെക്ടറിലെ യാത്രക്കാരുടെ വർദ്ധന മുന്നിൽ കണ്ടാണ് വിമാന കമ്പനികളുടെ കൊള്ള.

സീസൺ കാലങ്ങളിൽ നിരക്കു വർദ്ധന ന്യായമാണ്. ഇത് സഹിക്കാൻ പ്രവാസികളും തയ്യാറാണ്. എന്നാൽ അതിനും വേണമല്ലോ ഒരു ന്യായവും യുക്തിയും നീതിയും. ഇതാണ് പ്രവാസികളുടെ ചോദ്യം. സ്വകാര്യ കമ്പനികൾ യുക്തിബോധമില്ലാതെ നിരക്കു വർദ്ധിപ്പിക്കുന്നതിന് കൂട്ടുനിന്ന് എയർ ഇന്ത്യയും തങ്ങളുടെ കപടമുഖം പുറത്ത് കാണിച്ചിരിക്കുകയാണ്.

അല്ലെങ്കിലും പ്രവാസിയുടെ മൃതദേഹം തൂക്കി നോക്കി കൂലി പറഞ്ഞവരിൽ നിന്ന് അത്രയേ നിരുപിക്കേണ്ടതുള്ളു എന്നാണു് ചിലരുടെ പക്ഷം. കേരളത്തിന്റെ സമ്പദ് വ്യവസ്ഥയുടെ താങ്ങും തണലുമാണ് പ്രവാസികൾ. തേനിൽ മുക്കിയ വാചകങ്ങളിലൂടെ ഭരണ രാഷ്ട്രീയ മേലാളൻമാർ അത് പറയാറുണ്ട്. ഇത് താൽക്കാലിക ലാഭത്തിനൊ ഫണ്ട് പൂർത്തീകരണത്തിനോ ആയിരിക്കാം. കഴിഞ്ഞ പ്രളയകാലത്ത് മന്ത്രിപ്പട പാത്രങ്ങളുമായി കൂട്ടത്തോടെ പോകാൻ ശ്രമിച്ച് നടന്നില്ലെങ്കിലും അവരുടെ ലക്ഷ്യം പ്രവാസികളായിരുന്നു എന്നു നമ്മൾ ഓർക്കേണ്ടതാണ്.

പറഞ്ഞ് വരുന്നത് അൽപ്പം ദയയും കരുതലും അവർ അർഹിക്കുന്നു എന്നു മാത്രമാണ്. ഈ കേരളം ഇന്ത്യയിലല്ലേ എന്ന് ചില പ്രവാസി സുഹൃത്തുക്കൾ ചോദിക്കുന്നത് കേൾക്കാം. കാരണമിതാണ്.

അവധിക്കാലമെന്നത് ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലുമുണ്ട്. ഈ സമയത്ത് പുറത്തേക്കുള്ള വിമാനയാത്ര അവിടങ്ങളിലും വർദ്ധിക്കാറുണ്ട്. എന്നാൽ ഇതുപോലുള്ള ഒരു നിരക്കു വർദ്ധന എവിടെയും കാണാനില്ല. പുറമെ അവധിയാഘോഷിക്കാൻ യൂറോപ്യൻ അമേരിക്കൻ നാടുകളിൽ നിന്ന് ഇങ്ങോട്ടും അങ്ങോട്ടും യാത്രക്കാരുടെ എണ്ണം ക്രമാധീതമായി വർദ്ധിക്കുന്നുണ്ട്. പുറമെ ഗൾഫ് സെക്ടറി നേക്കാൾ ഇരട്ടിയാത്രാ ദൈർഘ്യവുമുണ്ട്. പക്ഷെ നിരക്കു വർദ്ധന ഇക്കൂട്ടരെ ബാധിക്കാറില്ല. എന്തായിരിക്കും അതിനു കാരണമെന്ന ചോദ്യത്തിന് എന്താണുത്തരം.

കൊച്ചി എയർപോർട്ട്

ഇപ്പോഴത്തെ നിരക്കു വർദ്ധനക്ക് ചെറിയ ഒരു ന്യായമുണ്ട്. അത് കാണാതിരുന്നു കൂട. ഏത്യോപ്യൻ വിമാന ദുരത്തിനു കാരണമായ ബോയിംഗ് 737 വിമാനം കൂട്ടത്തോടെ നിലത്തിറക്കിയതാണ് സംഭവം. എന്നാലും അത് ഗൾഫ് സെക്ടറിൽ മാത്രം എങ്ങനെ ബാധിക്കുന്നു.

പലരും കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ലഭിക്കാൻ നേരത്തെ തന്നെ ടിക്കറ്റെടുത്ത് വെക്കുകയാണ് പതിവ്. എന്നാൽ ഗൾഫിൽ നിന്നും നാട്ടിലേക്ക് പോവുന്ന പലർക്കും ലീവ് തീരുമാനമാവാത്തത് കൊണ്ട് നേരത്തെ ടിക്കറ്റ് എടുത്തു വെക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. പലരും കുടുംബാംഗങ്ങൾക്ക് മാത്രം സ്‌കൂൾ അവധിക്കനുസരിച്ച് ടിക്കറ്റെടുത്ത് അവരെ നാട്ടിലേക്ക് പറഞ്ഞു വിടുകയും, പിന്നീട് ലീവ് ശെരിയാവുന്നതിനനുസരിച്ച് തന്റെ ടിക്കറ്റെടുക്കുകയുമാണ് ചെയ്യുന്നത്.

ഗൾഫ് യാത്രികൾ എല്ലാ കാലത്തും ടിക്കറ്റിനത്തിലും യൂസേഴ്സ് ഫീയുടെ പേരിലുമൊക്കെ ചൂഷണം ചെയ്യപ്പെട്ടവരാണ്. വലിയ വിമാനങ്ങളെ തടഞ്ഞുവെച്ചും എയർപോർട്ട് അടച്ചിട്ടും അവരെ പരീക്ഷിച്ചിട്ടുണ്ട്. പ്രവാസിയുടെ വേദന അതല്ല. തങ്ങൾക്ക് താങ്ങും തണലുമാകേണ്ട ഭരണ രാഷ്ട്രിയ നേതാക്കൾ പ്രശ്നത്തിൽ ഗൗരവത്തിൽ ഇടപെടുന്നില്ലല്ലോ എന്നാണ്.

നിലവിലുള്ള നിരക്കിന്റെ വർദ്ധന നാലിരട്ടിയായിട്ടും നേതാക്കൻമാർ അനങ്ങാപ്പാറ നയം സ്വീകരിക്കുന്നത് തങ്ങൾക്ക് സൗജന്യ യാത്ര ലഭിക്കുന്നുണ്ടെന്ന കാരണത്താലാവാം. നിരന്തര ചൂഷണത്തിനു വിധേയരായ പ്രവാസികൾ സംഘടിച്ച് പ്രതിഷേധിക്കാൻ ഈ തിരഞ്ഞെടുപ്പു കാലമാണ് ഏറ്റവും അനുയോജ്യമെന്ന് തിരിച്ചറിയുക.

കുഞ്ഞിമുഹമ്മദ് കാളികാവ്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q