ഫാമിലി വിസ ലഭിക്കുന്നത് ഇനി എളുപ്പമാവും; യു എ ഇ യിൽ സ്‌പോൺസർഷിപ് നിയമത്തിൽ മാറ്റം
അബുദാബി: വിദേശികളുടെ കുടുംബത്തെ കൊണ്ടുവരാനുള്ള സ്പോൺസർഷിപ് നിയമത്തിൽ കാതലായ മാറ്റം വരുത്തി യുഎഇ സർക്കാർ. യു എ ഇ യിലെ താമസക്കാർക്ക് ഇനി മുതൽ വരുമാനം അടിസ്ഥാനമാക്കിയായിരിക്കും കുടുംബാംഗങ്ങളെ സ്പോൺസർ ചെയ്യാനുള്ള അനുമതി ലഭിക്കുക. ഇതുവരെ നിശ്ചിത പ്രഫഷനും 4000 ദിർഹം ശമ്പളവും അല്ലെങ്കിൽ 3000 ദിർഹം ശമ്പളവും കമ്പനി നൽകുന്ന താമസ സൗകര്യവും ഉള്ളവർക്ക് മാത്രമേ കുടുംബാംഗങ്ങളെ സ്പോൺസർ ചെയ്യാൻ അനുമതി ഉണ്ടായിരുന്നുള്ളൂ. ഇത് പ്രകാരം നിരവധി ആളുകൾക്ക് കുടുംബ വിസ ലഭിക്കാത്ത സ്ഥിതിയാണ് നില നിന്നിരുന്നത്.
എന്നാൽ പുതിയ നിയമം അനുസരിച്ച് ഗവണ്മെന്റ് നിശ്ചയിക്കുന്ന നിശ്ചിത വരുമാനം ഉള്ള ആർക്കും സ്വന്തം കുടുംബത്തെ കൊണ്ടുവരാൻ കഴിയും. രാജ്യാന്തര നിലവാരമുള്ള സാമൂഹിക സാഹചര്യങ്ങളും വികസനത്തിനുള്ള പുതിയ അവസരങ്ങളും ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് നിയമത്തിൽ ഭേദഗതി വരുത്തുന്നത്. പുതിയ ജോലിക്കാരെ വിദേശത്തുനിന്ന് കൊണ്ടുവരുന്നതിന് പകരം നിലവിലുള്ളവരുടെ കുടുംബാംഗങ്ങൾക്ക് ജോലി ലഭ്യമാക്കാനും അതുവഴി വിദേശികളുടെ കുടുംബത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പു വരുത്താൻ മുൻഗണന നൽകണമെന്നും നിർദ്ദേശമുണ്ട്. കുടുംബത്തോടൊപ്പം കഴിയുന്നത് വഴി തൊഴിലാളികളുടെ പ്രവർത്തനക്ഷമത വർധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa