സ്കൂൾ ഫീസ് വർധിപ്പിച്ചതിനെതിരെ പ്രതിഷേധവുമായി രക്ഷിതാക്കൾ
മസ്കത്ത്: വാദി കബീർ ഇന്ത്യൻ സ്കൂളിലെ ഫീസ് വർധനക്കെതിരെ ശക്തമായ പ്രതിഷേധവുമായി രക്ഷകർത്താക്കൾ രംഗത്തെത്തി. പുതിയ അധ്യയന വർഷത്തിൽ ട്യൂഷൻ ഫീസ്, ടേം ഫീസ് ഇനങ്ങളിലായി 34 റിയാലിന്റെ വർധനയാണ് വരുത്തിയിട്ടുള്ളത് . മുന്നൂറിലധികം രക്ഷകർത്താക്കൾ ഇതിനെതിരെ പ്രതിഷേധവുമായി ചൊവ്വാഴ്ച സ്കൂളിലെത്തി. പ്രിൻസിപ്പലിന്റെ നേതൃത്വത്തിൽ നടന്ന അനുരഞ്ജന യോഗം ബഹളമയമായിരുന്നു. സ്കൂൾ ബോർഡ് ചെയർമാനുള്ള, ഫീസ് വർധന പിൻവലിക്കണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് അഞ്ഞൂറോളം രക്ഷകർത്താക്കൾ ഒപ്പുവെച്ച നിവേദനവും കൈമാറിയതായി രക്ഷിതാക്കളുടെ പ്രതിനിധികൾ പറഞ്ഞു. വർധന പിൻവലിക്കുന്നത് വരെ പ്രതിഷേധം തുടരുമെന്നും, സ്കൂൾ മാനേജ്മന്റും ഇന്ത്യൻ സ്കൂൾ ബോർഡും തങ്ങളുടെ ആകുലതകൾ പരിഗണിക്കാത്തപക്ഷം എംബസിയിലും കേന്ദ്ര സർക്കാറിലും പരാതി നൽകുമെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.
ട്യൂഷൻ ഫീസിൽ രണ്ട് റിയാലിന്റെ വർധനയാണ് വരുത്തിയിട്ടുള്ളത്. 20 റിയാൽ ആയിരുന്ന ടേം ഫീസ് മുപ്പത് റിയാലായി ഉയർത്തി. കഴിഞ്ഞ രണ്ട് വർഷത്തിനിടെ 58 റിയാലിന്റെ വർധനയാണ് ഫീസിലുണ്ടായത്. മസ്കത്ത് ഇന്ത്യൻ സ്കൂളുമായി താരതമ്യപ്പെടുത്തുമ്പോൾ കെ.ജി മുതൽ പന്ത്രണ്ട് വരെ ക്ലാസുകളിലായി ഒരു കുട്ടിക്ക് 42 റിയാൽ മുതൽ 142 വരെയാണ് അധികമായി നൽകേണ്ടിവരുന്നത്. ഫീസ് വർധന പിൻവലിക്കുക, ഒമാനിലെ ഇന്ത്യൻ സ്കൂളുകളിലെ ഫീസ് നിരക്ക് ക്രമീകരിക്കുക, ഫീസ്ഘടനയെ കുറിച്ച് വിശദീകരിക്കാൻ എല്ലാ അധ്യയന വർഷത്തിെൻറയും തുടക്കത്തിൽ ബി.ഒ.ഡിയുടെയും പ്രിൻസിപ്പലിെൻറയും സാന്നിധ്യത്തിൽ രക്ഷിതാക്കളുടെ യോഗം ചേരുക, നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നത് വരെ ഫീസ് അടക്കുന്നതിനുള്ള തീയതി നീട്ടി നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് നിവേദനം നൽകിയതെന്ന് രക്ഷിതാക്കളുടെ പ്രതിനിധികളായ തമിഴ്നാട് സ്വദേശി വിൽവപതി, പഞ്ചാബ് സ്വദേശികളായ പർവീന്ദർ, റോസി പർവീന്ദർ, മലയാളികളായ മനു,ഫിയാസ്, ബീനാ പൈലി എന്നിവർ പറഞ്ഞു.
രക്ഷകർത്താക്കൾക്ക് ഒരു അറിയിപ്പും നൽകാതെയുള്ള ഫീസ് വർധന നീതീകരിക്കാൻ കഴിയുന്നതല്ല. നിലവിലെ സാമ്പത്തിക സാഹചര്യത്തിൽ പലർക്കും ജോലി നഷ്ടപ്പെടുകയും സ്വകാര്യ സ്ഥാപനങ്ങളിൽ ശമ്പളവും ആനുകൂല്യവും കുറക്കുകയും ചെയ്തു. ശമ്പളം വൈകുന്നതും പതിവാണ്. സാധനങ്ങളുടെ വിലയടക്കം ജീവിതച്ചെലവും ഉയരുന്ന സാഹചര്യത്തിലുള്ള ഫീസ് വർധന രണ്ടുംമൂന്നും കുട്ടികൾ പഠിക്കുന്ന രക്ഷകർത്താക്കൾക്ക് ഇരുട്ടടിയാണ്. രക്ഷകർത്താക്കളുടെ യോഗം വിളിക്കുന്ന പതിവ് ഇവിടെയില്ല. പാഠപുസ്തകങ്ങൾക്ക് മറ്റ് സ്കൂളുകളേക്കാൾ അധിക നിരക്ക് നൽകേണ്ടിയും വരുന്നുണ്ടെന്ന് ഇവർ പറയുന്നു. കഴിഞ്ഞ ശനിയാഴ്ച മുതലാണ് രക്ഷിതാക്കളെ ഏകോപിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതെന്ന് വിൽവപതി പറഞ്ഞു. മൂന്ന് വാട്ട്സ്ആപ്, ടെലിഗ്രാം ഗ്രൂപ്പുകളിലായി ആയിരത്തിലധികം രക്ഷകർത്താക്കൾ അംഗങ്ങളാണ്. വാദി കബീർ പാർക്കിൽ കഴിഞ്ഞ ദിവസങ്ങളിലായി വൈകുന്നേരം നടന്ന രക്ഷകർത്താക്കളുടെ ഒത്തുചേരലുകളിൽ നിരവധി പേർ പെങ്കടുത്തു. പ്രവൃത്തി ദിനമായിരുന്നതിനാൽ പലർക്കും ഇന്നലെ സ്കൂളിലെത്താൻ സാധിച്ചില്ലെന്നും വിൽവപതി പറഞ്ഞു.
അതേസമയം, പ്രശ്നം മാനേജ്മെൻറ് ചർച്ച ചെയ്യുമെന്ന് സ്കൂളുമായി ബന്ധപ്പെട്ടവർ പറഞ്ഞു. ശമ്പളം കുറവായതിനാൽ മികച്ച അധ്യാപകരെ ലഭിക്കാത്ത സാഹചര്യമുണ്ട്. ഇത് മുൻനിർത്തി നിലവിലുള്ള അധ്യാപകർക്ക് അടക്കം ശമ്പളം വർധിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. സ്കൂളിലെ പാഠ്യേതര പരിപാടികളുമായി ബന്ധപ്പെട്ട് ഒരു വർഷം 67000 റിയാലോളം ചെലവ് വരുന്നുമുണ്ട്. ഈ സാഹചര്യം മുൻനിർത്തിയാണ് ഫീസ് വർധിപ്പിക്കാൻ തീരുമാനിച്ചതെന്നും സ്കൂളുമായി ബന്ധപ്പെട്ടവർ പറഞ്ഞു. പ്രമോട്ടർ സ്കൂൾ ആയതിനാൽ ഫീസ് വർധനയുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടപെടാൻ പരിമിതികളുണ്ടെന്ന് സ്കൂൾ ഡയറക്ടർ ബോർഡുമായി ബന്ധപ്പെട്ടവരും പറയുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa